തൊടുപുഴ
കാലവർഷം ശക്തിപ്രാപിച്ചതോടെ തിരക്ക് കുറഞ്ഞ് വിനോദ സഞ്ചാരമേഖല. ജൂൺ, ജൂലൈ മാസങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്ന് അധികൃതർ പറഞ്ഞു. ചുരുക്കം ചില ദിവസങ്ങൾ ഒഴികെ ജില്ലയിൽ പരക്കെ മഴയാണ് ഈ മാസങ്ങളിൽ ലഭിച്ചത്.
ജൂണിൽ 2,67,472 പേരാണ് ഡിടിപിസിയുടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. ജൂലൈ അവസാനിച്ചപ്പോൾ ഇത് പകുതിയിൽ താഴെയായി, 1,26,015 പേർ. ഒരുമാസത്തിൽ 1,41,457 പേരുടെ കുറവാണുണ്ടായത്. ഇത് വരുമാനത്തെയും ബാധിച്ചു.
ഏപ്രിൽ, മെയ് മാസങ്ങളിൽ ജില്ലയിൽ അവധിക്കാലം ആഘോഷിക്കാൻ ലക്ഷങ്ങളെത്തിയതോടെ സന്ദർശകരുടെ എണ്ണം വലിയതോതിൽ വർധിച്ചിരുന്നു. യഥാക്രമം 3,40,159, 4,79,999 എന്നിങ്ങനെയായിരുന്നു എണ്ണം. മഴയ്‍ക്കൊപ്പം സ്‍കൂളുകളും തുറന്നതോടെ സന്ദർശകർ കുറഞ്ഞു.
ജൂണിൽ ഏറ്റവും കൂടുതൽ ആളുകളെത്തിയത് വാഗമണ്ണിലേക്കാണ്. 1,86,565 പേർ. മൊട്ടക്കുന്നുകൾ കാണാനും സമയംചെലവഴിക്കാനും 1,20,674 പേരെത്തിയപ്പോൾ സാഹസിക പാർക്കിൽ 65,891 പേരുമെത്തി. കുറവ് അരുവിക്കുഴിയിലും, 1998 പേർ. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ 23,420 പേരായിരുന്നു സന്ദർശകർ. എസ്എൻ പുരം 15,669, മാട്ടുപ്പെട്ടി 8525, രാമക്കൽമേട് 10,800, പാഞ്ചാലിമേട് 12,933, ഹിൽവ്യൂ പാർക്ക് 7562 എന്നിങ്ങനെയാണ് ജൂണിൽ എത്തിയവരുടെ എണ്ണം.
ജൂലൈയിലും വാഗമണ്ണിലേക്ക് തന്നെയാണ് കൂടുതൽ ആളെത്തിയത്. ആകെ 72,866 പേർ. 45948 പേർ മൊട്ടക്കുന്നുകളിലേക്കും 26,918 പേർ സാഹസിക പാർക്കിലേക്കും. കുറവ് അരുവിക്കുഴിയിൽ തന്നെ. 2327 പേർ.
മാട്ടുപ്പെട്ടി 3840, രാമക്കൽമേട് 6696, എസ്എൻ പുരം 15,404, പാഞ്ചാലിമേട് 11,003, ഹിൽവ്യൂപാർക്ക് 4284, ബൊട്ടാണിക്കൽ ഗാർഡൻ 9595 എന്നിങ്ങനെയും സന്ദർശകരെത്തി. മഴ തുടർന്നാൽ ആഗസ്തിലും സ്ഥിതി വ്യത്യസ്‍തമാകില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..