കട്ടപ്പന
വയനാട് മുണ്ടക്കൈ ദുരന്തം തീരാനോവാകുമ്പോൾ, ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ജീവനെടുത്ത കട്ടപ്പന കുന്തളംപാറ ഉരുൾപൊട്ടൽ മൂന്നര പതിറ്റാണ്ടിപ്പുറവും നടുക്കുന്ന ഓർമയാണ്. 1989 ജൂലൈ 22നാണ് കുന്തളംപാറ മലയിൽ ഉരുൾപൊട്ടിയത്. തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വാഴയ്ക്കാപ്പാറ വർഗീസ്, ഭാര്യ ഏലിക്കുട്ടി, മക്കളായ ലാലി, പ്രിൻസ്, പ്രിൻസി എന്നിവർ മരിച്ചു. ഇവരുടെ വീടും മൂന്നരയേക്കർ പുരയിടവും ഒലിച്ചുപോയി. അന്ന് അഞ്ചുവയസായിരുന്ന പ്രിൻസിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. അപകടദിവസം വീട്ടിലില്ലാതിരുന്ന മക്കളായ ഫാ. പ്രസാദ്, സിസ്റ്റർ ജിൻസി എന്നിവർ മാത്രമാണ് കുടുംബത്തിൽ അവശേഷിച്ചത്.
ഉരുൾപൊട്ടലിന് എട്ടുദിവസം മുമ്പേ ഹൈറേഞ്ചിൽ തീവ്രമഴയായിരുന്നു. തലേദിവസം വർക്കിയുടെ വീടിനുമുകളിലേക്ക് കാറ്റാടിമരം കടപുഴകി. ചെറിയതോതിൽ കേടുപാട് സംഭവിച്ച വീട്ടിൽ നിന്ന് മാറിത്താമസിക്കാൻ അയൽവാസികൾ പറഞ്ഞിരുന്നു. അടുത്തദിവസം പുലർച്ചെയോടെയായിരുന്നു ഉരുൾപൊട്ടിയത്. അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പ്രിൻസിക്കായി ഒരാഴ്ചയിലേറെ തെരച്ചിൽ നടത്തിയെങ്കിലും വിഫലമായി. ദുരന്തത്തിനുശേഷം മേഖലയിൽ നിന്ന് പലരും താമസം മാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..