23 December Monday

സത്രം എയർസ്ട്രിപ്: അപ്രോച്ച്‌ റോഡ്‌ നിർമാണം ഇഴയുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

സത്രം എയർസ്ട്രിപ്പിലേക്കുള്ള അപ്രോച്ച് റോഡ്

 വണ്ടിപ്പെരിയാർ

ദുരന്തഘട്ടങ്ങളിൽ ഉൾപ്പെടെ നാടിന് താങ്ങാകേണ്ട എൻസിസി സത്രം എയർസ്ട്രിപ്പിന്റെ അപ്രോച്ച് റോഡ് നിർമാണം വനംവകുപ്പിന്റെ പിടിവാശിമൂലം ഇഴയുന്നു. ജില്ലയിൽ പ്രകൃതിദുരന്തങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനത്തിന്‌ സത്രം എയർ സ്ട്രിപ്പ്  നിർണായകമാണ്‌. എയർഫോഴ്സ് വിമാനങ്ങളും വലിയ ഹെലികോപ്റ്ററുകളെയും അടിയന്തര സാഹചര്യങ്ങളിൽ ഇവിടെ ഇറക്കാനാകും. 
രണ്ടുവർഷംമുമ്പ് ചെറുവിമാനം ഇറക്കി ശ്രമം വിജയിച്ചെങ്കിലും അപ്രോച്ച്‌ റോഡ്‌ നിർമാണത്തിന് ആവശ്യമായ ഭൂമി വനംവകുപ്പ് വിട്ടുനൽകാത്തത്‌ സത്രം എയർ സ്ട്രിപ്പിന്റെ വികസനത്തെ ബാധിച്ചിരുന്നു. 1400 മീറ്ററോളം നീളത്തിലുള്ള അപ്രോച്ച്‌ റോഡിന്റെ 1000 മീറ്ററോളം സ്വകാര്യ തോട്ടംഭൂമി വിട്ടുനൽകിയതോടെ നിർമാണം നടത്തി. അവശേഷിക്കുന്ന 400 മീറ്ററിന് വനംവകുപ്പ് ഭൂമി വിട്ടുനൽകിയില്ല. സ്ഥലം വിട്ടുനൽകാൻ  ജില്ലാ ഭരണം സർക്കാരിനും എൻസിസിക്കും നേരത്തെ കത്ത് നൽകിയിരുന്നു. അപ്രോച്ച്‌ റോഡിന് ഉന്നത വിദ്യാഭ്യാസ വകുപ്പും രണ്ടരക്കോടി രൂപ നേരത്തെ അനുവദിച്ച് ടെൻഡർ ആയിരുന്നു. എന്നാൽ വനംവകുപ്പിന്റെ പിടിവാശിമൂലം റോഡ് നിർമാണം പാതിവഴിയിലായി.
ഭൂമി  അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വനംവകുപ്പ് -എൻസിസി തർക്കത്തിൽ സെറ്റിൽമെന്റ്‌ ഓഫീസറായി ആർഡിഒയെയാണ് ചുമതലപ്പെടുത്തിയത്. സ്ട്രിപ്പിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് ആഗസ്‌ത്‌   അവസാനം റവന്യൂ, വനം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്. കലക്ടറും ആർഡിഒയും ഭൂമി അനുവദിക്കാമെന്ന്‌  ഏപ്രിലിൽ കത്ത് നൽകിയിരുന്നു.
100 മെഗാ വാട്ടിന്റെ ജനറേറ്ററും സത്രത്ത് സ്ഥാപിച്ചിട്ടുണ്ട്. എയർ സ്ട്രിപ്പിന്റെ ഭാഗം മണ്ണിടിച്ചിലുണ്ടായത് പുനർനിർമിക്കുന്നതിന് ആറരക്കോടി രൂപ സർക്കാർ അനുവദിച്ചെങ്കിലും ഇതിനും വനം വകുപ്പ് നിലപാട്‌ തടസ്സമായി.
 
എൽഡിഎഫ്‌ സർക്കാരിന്റെ 
സ്വപ്‌ന പദ്ധതി
എൽഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതിയായിരുന്നു സത്രം എയർ സ്ട്രിപ്പ്. 2022 ഡിസംബറിൽ എൻസിസിയുടെ രണ്ട് വിമാനങ്ങൾ സത്രത്ത് വിജയകരമായി ഇറക്കി. രണ്ടുതവണ ആകാശത്ത് വട്ടമിട്ട് പറന്നു. മൂന്നാം തവണ ഡബ്ലിയു 3434 വൈറസ്, എസ്ഡബ്ലിയു 80 തുടങ്ങിയ രണ്ടു ചെറു വിമാനങ്ങളാണ് റൺവേയിൽ വിജയകരമായി ഇറക്കിയത്. 2023 സെപ്തംബർ 21ന് കോയമ്പത്തൂരിലെ സുളൂരുവിൽനിന്ന്‌ എത്തിയ വ്യോമസേനയുടെ ഹെലികോപ്‌ടറും വിജയകരമായി ഇറക്കി. എന്നാൽ, പ്രഖ്യാപനംപോലെ തീരുമാനം നടപ്പാക്കാനും സർക്കാരിന് കഴിഞ്ഞു. നിർമാണത്തിന്റെ തുടക്കത്തിൽ നിരവധി പ്രതിബന്ധങ്ങൾ ഉണ്ടായെങ്കിലും ഇതെല്ലാം തരണം ചെയ്യാനായി. സത്രം എയർ സ്ട്രിപ്പിലൂടെ ഇടുക്കിയുടെ ആകാശ സ്വപ്നങ്ങൾക്ക് ചിറകുവച്ചു. 
രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് മൈക്രോ ലൈറ്റ് എയർക്രാഫ്റ്റ് വിമാനങ്ങൾക്ക് ഇറങ്ങാവുന്ന എയർ സ്ട്രിപ്പിന്റെ നിർമാണ ജോലികൾ ദ്രുതഗതിയിൽ പൂർത്തീകരിച്ചത്. 
നാല്‌ ചെറുവിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഹാങ്കർ, താമസസൗകര്യം ഉൾപ്പെടെ 50 വിദ്യാർഥികൾക്കുള്ള പരിശീലന സൗകര്യവും പൂർത്തിയായി. ഇവിടെ എൻസിസി കേഡറ്റുകൾക്ക്  വിമാനം പറത്താൻ പരിശീലനം നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top