24 December Tuesday

ഐഎന്‍ടിയുസി ജില്ലാ 
പ്രസിഡന്റിനെതിരെ പടയൊരുക്കം

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024
കട്ടപ്പന
വൃദ്ധയേയും യൂണിയൻ പ്രവർത്തകനെയും ആക്രമിച്ച കേസുകളിൽ പ്രതിയായ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരനെതിരെ കോൺഗ്രസിലും യൂണിയനിലും കലാപം. വധഭീഷണി മുഴക്കിയും വീടുകയറി ആക്രമിച്ചും പ്രവർത്തകരെ വരുതിയിൽ നിർത്താനുള്ള പ്രസിഡന്റിന്റെ നീക്കത്തിനെതിരെ കെപിസിസിക്കും ഐഎൻടിയുസി സംസ്ഥാന നേതൃത്വത്തിനും പരാതി. 
വണ്ടൻമേട്, കുമളി സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയായ ഇയാൾ നിലവിൽ ഒളിവിലാണ്. കഴിഞ്ഞ 26ന് രാജാ മാട്ടുക്കാരനും ബന്ധുക്കളും മർദ്ദിച്ചുപരിക്കേൽപ്പിച്ച എച്ച്ആർപിഇ യൂണിയൻ അംഗം ആനവിലാസം ശാസ്താനട ജെഎൽപി എസ്റ്റേറ്റ് സ്വദേശി തങ്കരാജാണ് കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ് എന്നിവർക്ക് പരാതി നൽകിയത്. വൃദ്ധയെ മർദ്ദിച്ചതില്‍ കോൺഗ്രസ് വാട്‌സ്ആപ് ഗ്രൂപ്പിൽ പ്രതികരിച്ചതിനായിരുന്നു മർദ്ദനം. സംഭവത്തിൽ നേതാക്കളും പ്രവർത്തകരും അമർഷത്തിലാണ്. രാജയെ ജില്ലാ പ്രസിഡന്റ് പദവിയിൽനിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.
‘കാലുപിടിപ്പിച്ച് ക്ഷമ 
പറയിപ്പിച്ചു’
ഡിസിസി ജനറൽ സെക്രട്ടറി സിറിയക് തോമസ് നേതൃത്വം നൽകുന്ന ഐഎൻടിയുസിയുടെ പോഷകസംഘടനയാണ് എച്ച്ആർപിഇ യൂണിയൻ. തങ്കരാജും ശാസ്താനടയിലെ ചില തൊഴിലാളികളും അംഗങ്ങളാണ്. രാജാ മാട്ടുക്കാരന്റെ നേതൃത്വത്തിലുള്ള മറ്റൊരു പോഷകസംഘടനയാണ് നാഷണൽ എസ്റ്റേറ്റ് വർക്കേഴ്‌സ് കോൺഗ്രസ്. നിലവിലുള്ള യൂണിയനിൽനിന്ന് രാജിവച്ച് തനിക്കൊപ്പം ചേർന്നില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നുപറഞ്ഞ് രണ്ടുമാസം മുമ്പ്  തങ്കരാജിനെ രാജ ഭീഷണിപ്പെടുത്തിയിരുന്നു.
ആഗസ്ത് ആറിന് വണ്ടൻമേട് കടശിക്കടവിൽ കെട്ടിടനിർമാണം തടസപ്പെടുത്തി തെന്നച്ചേരിൽ അന്നമ്മ മാണിയെ മർദ്ദിച്ച സംഭവത്തിൽ രാജാ മാട്ടുക്കാരൻ, മരുമകനും ഐഎൻടിയുസി ജില്ലാ കമ്മിറ്റിയംഗവുമായ ശരവണൻ, ബന്ധുക്കളായ മുരുകൻ, പാണ്ടി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തിൽ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രതികരിച്ചതിനാണ് തങ്കരാജിനെ ആക്രമിച്ചത്. വീട്ടിൽകയറി മർദ്ദിച്ചശേഷം വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. വാഹനത്തിൽവച്ചും മർദ്ദിച്ചെന്ന് പരാതിയിലുണ്ട്. രാജായുടെ വീട്ടിലെത്തിച്ചശേഷം ബലപ്രയോഗത്തിലൂടെ കാലുപിടിപ്പിച്ച് ക്ഷമ പറയിപ്പിച്ചു. യൂണിയൻ പ്രവർത്തനം അവസാനിപ്പിച്ച് തമിഴ്‌നാട്ടിലേക്ക് പോകണമെന്നും ഭീഷണിപ്പെടുത്തി. വഴങ്ങിയതോടെ വാഹനത്തിൽ കയറ്റി വഴിയരികിൽ ഉപേക്ഷിച്ചു. പരാതിയില്‍ പറയുന്നു. തങ്കരാജ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നേതാക്കൾക്കും രക്ഷയില്ല
രാജയുടെ നിരന്തര ഭീഷണിയും അതിക്രമവും കാരണം നേതാക്കൾ ഉൾപ്പെടെ നിരവധിപേർ കോൺഗ്രസ് വിട്ടു. മണ്ഡലം ഭാരവാഹിയെ വീടുകയറിയും ആക്രമിച്ചു. ഭീഷണിയെത്തുടർന്ന് പരാതിപ്പെട്ടില്ല. രാജയുടെ അക്രമം ഭയന്ന് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചവരുടെ പേര് വിവരങ്ങൾ ഉൾപ്പെടെയാണ് കെപിസിസിക്കും ഐഎൻടിയുസിക്കും പരാതി നല്‍കിയിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top