ഇടുക്കി
ഏലമലക്കാടുകൾ (സിഎച്ച്ആർ) വനഭൂമിയാണെന്ന കോൺഗ്രസ് സർക്കാരുകളുടെ പ്രഖ്യാപിതനയം മറച്ചുവച്ച് എംപിയുടെ ഒളിച്ചുകളി തുടരുന്നു. സിഎച്ച്ആർ കേസിൽ പരാജയപ്പെട്ടാൽ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും സുതാര്യവും സത്യസന്ധവുമായ നിലപാട് സ്വീകരിച്ചില്ലങ്കിൽ തിരിച്ചടി നേരിടുമെന്നുമാണ് ഡീൻ കുര്യാക്കോസ് എംപി തെറ്റിദ്ധാരണ പരത്തുന്നത്.
വിഷയത്തിൽ സ്‌ഫടിക തുല്യമായ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. അതേസമയം സിഎച്ച്ആർ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാതെയും വനഭൂമിയാണെന്നും നിലപാടെടുത്തത് കോൺഗ്രസ് സർക്കാരുകളാണ്. വിഷയത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാൻ 2006ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി നിയമസെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ റിപ്പോര്‍ട്ടില്‍ വനംവകുപ്പ് സെക്രട്ടറി ഒപ്പുവച്ച് സുപ്രീംകോടതിയിൽ നൽകാനായിരുന്നു 2006 ഫെബ്രുവരി രണ്ടിന് ചേർന്ന മന്ത്രിമാരുടെ പ്രത്യേകയോഗം തീരുമാനിച്ചത്. മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്‍ണനും ആര്യാടൻ മുഹമ്മദും സെക്രട്ടറിമാരും പങ്കെടുത്തിരുന്നു.
ഏലമലക്കാടായ 336ചതുരശ്ര മൈൽ വനമാണെന്നോ റവന്യൂ ഭൂമിയാണെന്നോ വ്യക്തമാക്കാതെ കോടതിയില്‍ സത്യവാങ്മൂലം നല്‍കാൻ ഉമ്മൻചാണ്ടി നിയമ സെക്രട്ടറിയെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ കർഷകതാൽപര്യം സംരക്ഷിക്കുന്ന നിലപാടാണ് ഈ വിഷയത്തിൽ എൽഡിഎഫ് സർക്കാരുകൾക്ക്. കർഷകരെ ചതിച്ച് സിഎച്ച്‌ആർ റിസർവ് വനമാണെന്ന് ആവർത്തിച്ച യുഡിഎഫിനെയാണ് ചരിത്രത്തിൽ കാണാനാകുക.
പശ്ചിമഘട്ട സംരക്ഷണത്തിന്റെ മറവിൽ കർഷകവിരുദ്ധ റിപ്പോർട്ട് കൊണ്ടുന്നതും കപട പരിസ്ഥിതിവാദികൾക്ക് ഒത്താശ ചെയ്‌തതും കോടതികളിൽ കർഷകർക്കെതിരായി കക്ഷിചേർന്നതും തീവ്രവനനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതും കോൺഗ്രസ് സർക്കാരുകൾ.
ഉമ്മൻചാണ്ടി സർക്കാരിന്റെ നയം
സിഎച്ച്ആർ വനഭൂമിയാണെന്നതായിരുന്നു ഉമ്മൻചാണ്ടി സർക്കാരിന്റെയും യുഡിഎഫ് നേതാക്കളുടേയും നയം. ഏലമലക്കാടുകൾ വനമാണെന്ന വൺ എർത്ത് വൺ ലൈഫ് സംഘടനയുടെ പരാതിയെത്തുടർന്ന് സെൻട്രൽ എംപവേർഡ് കമ്മിറ്റി (സിഇസി) 2004–-05 കാലത്ത് അഞ്ചുതവണ നോട്ടീസ് അയച്ചിട്ടും സർക്കാർ മറുപടി കൊടുത്തില്ല. 1980ലെ വനനിയമത്തിന് കീഴിലുള്ള പ്രദേശമാണെന്നും 1897ൽ രാജവിളംബരത്തിലൂടെ റിസർവ് വനമാക്കി പ്രഖ്യാപിച്ച പ്രദേശമാണെന്നുമായിരുന്നു വൺ എർത്ത് വൺ ലൈഫിന്റെ വാദം. പരോക്ഷത്തിൽ ഇതിന് കുടപിടിക്കുകയാണ് ഉമ്മൻചാണ്ടി സർക്കാരും ചെയ്‌തത്.
2006 ഫെബ്രുവരിയിൽ ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലും ഇരുവഞ്ചിയിൽ കാൽവയ്ക്കുന്ന നിലപാടായിരുന്നു. വനം, റവന്യു വകുപ്പുകള്‍ക്ക് അഭിപ്രായഭിന്നതയുള്ളതിനാൽ കൃത്യമായ നിലപാട് പ്രഖ്യാപിക്കാനുമായില്ല.
ടി എം ജേക്കബ്
ഗവർണർക്ക് അയച്ച കത്ത്
2005 ഡിസംബർ 12ന് ടി എം ജേക്കബ് ഗവർണർ ആർ എൽ ഭാട്ടിയയ്ക്ക് നൽകിയ കത്തിൽ ഇടുക്കിയിലെ സിഎച്ച്ആർ റിസർവ് വനം റവന്യു ഭൂമിയാക്കാൻ ഗൂഢാലോചന നടക്കുന്നെന്നാണ് പരാമർശിച്ചിട്ടുള്ളത്. ഏതാണ്ട് 3000കോടി രൂപ വിലവരുന്ന തടിയും മറ്റ് സ്വത്തുക്കളും എസ്റ്റേറ്റ് മാഫിയക്ക് തീറെഴുതുകയാണെന്നും കത്തിലുണ്ട്. മറ്റ് വിളകൾ (ഏലം) കൃഷി ചെയ്യുന്നതിന് ഭൂമി പരിവർത്തനപ്പെടുത്തുന്നത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ സിഎച്ച്‌ആർ വനമായി പ്രഖ്യാപിക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം.
സിഎച്ച്‌ആർ റിസർവ് വനമല്ലെന്നും റവന്യൂ ഭൂമിയാണെന്നുമുള്ള സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിക്കാൻ സർക്കാരിന് സമ്മതമല്ലെന്നും സൂചനയുണ്ട്.
വനംമന്ത്രി
പറഞ്ഞതിങ്ങനെ
ഏലമലക്കാടുകൾ വനമല്ലെന്നും റവന്യൂ ഭൂമിയാണെന്നും സർക്കാർ സത്യവാങ്‌മൂലം സമർപ്പിച്ചിട്ടില്ലെന്ന് 2006 ഫെബ്രുവരി 14ന് അന്നത്തെ വനംമന്ത്രി എ സുജനപാൽ നിയമസഭയിൽ പറഞ്ഞു. നിയമസഭാംഗങ്ങളായ ടി എം ജേക്കബ്, ജോണി നെല്ലൂർ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സിഎച്ച്‌ആർ റവന്യൂ ഭൂമിയാണെന്ന സത്യവാങ്‌മൂലം നൽകാൻ ഉദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും നിയമസഭാ രേഖകളിലുണ്ട്.
എൽഡിഎഫ്
സർക്കാരുകളുടെ ഇടപെടൽ
സിഎച്ച്ആർ കേസിൽ സിഇസിക്ക് ആദ്യമായി സത്യവാങ്മൂലം സമർപ്പിച്ചത് 2007ൽ വി എസ് അച്യുതാനന്ദൻ സർക്കാരാണ്. സിഎച്ച്ആർ റവന്യു ഭൂമിയാണെന്നായിരുന്നു സത്യവാങ്മൂലത്തിൽ.
2018ൽ പിണറായി വിജയൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലും നിലപാടിന് മാറ്റമില്ല. പിന്നീട് 2023ലും 2024ലും നൽകിയ സത്യവാങ്മൂലത്തിലും എൽഡിഎഫ് സർക്കാരിന് ഇതേ നിലപാടാണ്. സിഎച്ച്ആർ റവന്യു ഭൂമിയാണെന്നും മരങ്ങളുടെ സംരക്ഷണ ചുമതലമാത്രം വനം–റവന്യു വകുപ്പുകൾക്ക് സംയുക്തമായിട്ടാണെന്നും സംസ്ഥാന സർക്കാർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..