കരിമണ്ണൂർ
ഓണം സമൃദ്ധമാക്കാൻ ഉടുമ്പന്നൂരിൽ നാടിന്റെ സ്വന്തം പച്ചക്കറികളും പൂക്കളും. പഞ്ചായത്ത് പദ്ധതിയിലൂടെ 21 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചാണ് പച്ചക്കറിക്കൃഷി. ഹെക്ടറിന് 22,000 രൂപവരെ കർഷകർക്ക് സബ്‌സിഡി ലഭിക്കും. പയർ, വെണ്ട, കോവയ്ക്ക, പടവലം, തക്കാളി, കാബേജ്, കോളിഫ്ലവർ, ചീര എന്നിവയാണ് കൃഷിചെയ്യുന്നത്. പഞ്ചായത്തിന്റെ വിപണന കേന്ദ്രത്തിലൂടെയാണ് വിൽപ്പന. അതിനാൽ കർഷകർക്ക് നെട്ടോട്ടം ഓടേണ്ട.
പച്ചക്കറിക്കൃഷി ലാഭകരമായതോടെയാണ് പൂ കൃഷി പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തിയത്. 19 ഇടങ്ങളിൽ പൂപ്പാടങ്ങൾ ആരംഭിച്ചു. ബന്തിയും വാടാമുല്ലയുമാണ് പാടങ്ങളിൽ. ഒരുതവണ വിളവെടുപ്പും നടത്തി. ബന്തി കിലോഗ്രാമിന് 80രൂപവരെ കർഷകർക്ക് ലഭിക്കും. ഹെക്ടറിന് 16,000 രൂപയാണ് പഞ്ചായത്ത് നൽകുന്ന സബ്‌സിഡി. ഇതിനകം നാല് ഹെക്‌ടർ സ്ഥലത്ത് പൂ കൃഷി ചെയ്‌തുതുടങ്ങി. പഞ്ചായത്ത് സബ്‌സിഡി നിരക്കിൽ തൈകൾ നൽകും. ഒരു വിത്തിന് നാല് രൂപയാണ് വില. കർഷകൻ അതിൽ ഒരുരൂപ മുടക്കിയാൽ മതി. വളവും വെള്ളവും നൽകി നന്നായി പരിപാലിച്ചാൽ നല്ല വിളവ് ലഭിക്കും. പഞ്ചായത്തിൽ പച്ചക്കറിക്കൃഷിക്കൊപ്പം പൂ കൃഷിയും വ്യാപിപ്പിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകുമെന്ന് പ്രസിഡന്റ് എം ലതീഷ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..