25 November Monday

ഇവിടെയുണ്ട് 
ഗാന്ധിക്ഷേത്രം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

കമ്പത്തിന് സമീപം കാമയ്യ ക്കൗണ്ടൻ പെട്ടിയിലെ ഗാന്ധി ക്ഷേത്രം

 കുമളി

ജില്ലയുടെ അതിർത്തിയായ കമ്പത്ത് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിക്ക് ക്ഷേത്രം നിർമിച്ചിട്ട് 39 വർഷം. രാഷ്ട്രപിതാവിനെ കറൻസി നോട്ടുകളിലും ചിത്രങ്ങളിലും മാത്രം കണ്ടുശീലിച്ച പലർക്കും  ഗാന്ധി ക്ഷേത്രം പുതിയൊരു അനുഭവമാണ് നൽകുന്നത്. കമ്പത്തിന് സമീപത്തുള്ള കാമയ്യ കൗണ്ടൻപട്ടി ഗ്രാമത്തിലാണ് 1985ൽ മഹാത്മാഗാന്ധിക്ക് ക്ഷേത്രം നിർമിച്ചത്. സ്വാതന്ത്ര്യസമര സ്മരണയ്ക്കും രക്തസാക്ഷികളെ ആദരിക്കാനും ക്ഷേത്രം നിർമിക്കാനും മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനും ഗ്രാമവാസികളാണ് തീരുമാനിച്ചത്. 
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ പങ്ക് രേഖപ്പെടുത്തിയ മാതൃകാ ഗ്രാമമാണിത്. 1985-ൽ സ്വാതന്ത്ര്യ സമര സേനാനിയും മുൻ എംഎൽഎയുമായ പാണ്ഡ്യരാജിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും സഹായത്തോടെയാണ്  ക്ഷേത്രവും ഗാന്ധിജിയുടെ വെങ്കല പ്രതിമയും സ്ഥാപിച്ചത്. ആറുമാസംകൊണ്ട് പൂർത്തീകരിച്ച ക്ഷേത്രം അന്നത്തെ ഉപരാഷ്ട്രപതി ആർ വെങ്കിട്ടരാമനാണ് 1985 ഡിസംബർ 29ന്  ഉദ്ഘാടനം ചെയ്തത്. അന്നുമുതൽ  39 വർഷമായി ഗ്രാമീണർ ക്ഷേത്രത്തിൽ ഗാന്ധിയെ ആരാധിക്കുന്നു. വർഷവും സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി, ദേശീയ നേതാക്കളുടെ ജന്മദിനം എന്നിവയിൽ ഗാന്ധിക്ഷേത്രം വർണാഭമായ ദീപങ്ങളാൽ അലങ്കരിക്കപ്പെടും. ആ ദിവസങ്ങളിൽ ഗ്രാമവാസികളും സ്കൂൾ വിദ്യാർഥികളും ഗാന്ധി ക്ഷേത്രത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും. 
 കൂടാതെ പരമശിവതേവർ, മുൻ എംപി ശക്തിവാദിവേൽ ഗൗഡർ, കൃഷ്ണസാമി ഗൗഡർ, സമന്തി ആശാരി, കുന്തിലരാമസ്വാമി നായക്, വീരച്ചാമി നായിഡു, സുബ്രഹ്മണ്യപ്പിള്ള, സുരുളിയണ്ടി ആശാരി, പളനിവേൽ കൗണ്ടർ, മുൻ എംഎൽഎ പാണ്ഡ്യരാജ് ഉൾപ്പെടെ 80ൽപരം  സ്വാതന്ത്ര്യ സമര സേനാനികളെ ഈ ഗ്രാമം  രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top