22 December Sunday

കുടുംബശ്രീയുടെ ക്വിക്ക് സെർവ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

 ഇടുക്കി

നഗരജീവിത തിരക്കുകൾക്കിടയിൽ വീട്ടുജോലികൾ ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്ക്‌ ആശ്വാസവുമായി കുടുംബശ്രീ. ശുചീകരണം മുതൽ ശുശ്രൂഷവരെ ചെയ്‌തുതരാൻ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങൾ ഇനിമുതൽ വീട്ടിലെത്തും. ഇതിനായി ആവിഷ്‌ക്കരിച്ച ‘ക്വിക്ക് സെർവ്’ പദ്ധതിക്ക്‌ കട്ടപ്പനയിൽ തുടക്കമായി. നഗരസഭ കേന്ദ്രിതമായാണ്‌ സേവനങ്ങൾ. ഗൃഹശുചീകരണം, പാചകം, കിടപ്പുരോഗികളുടെയും കുട്ടികളുടെയും വൃദ്ധരുടെയും പരിചരണം, പ്രസവാനന്തര ശുശ്രൂഷ, വീട്ടുജോലി, സെക്യൂരിറ്റി, ഡ്രൈവിങ്, പ്ലംബിങ്‌, കൃഷിപ്പണി തുടങ്ങിയ സേവനങ്ങളാണ്‌ ലഭിക്കുക.
മൂന്നുമുതൽ എട്ടുവരെ കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടുന്ന അർബൻ സർവീസ് സംഘങ്ങൾ രൂപീകരിച്ചാണ്‌ പ്രവർത്തനം. ഇതിനായി പ്രത്യേക ഓഫീസും 24മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും സജ്ജമാക്കും. ക്വിക്ക് സെർവിൽ സേവനം ചെയ്യാൻ താൽപ്പര്യമുള്ളവരെ കണ്ടെത്തി രജിസ്റ്റർ ചെയ്യിപ്പിച്ചശേഷം പരിശീലനം നൽകും. പരിശീലനം ലഭിച്ചവർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും നൽകും. നഗരസഭാ സെക്രട്ടറി, സിഡിഎസ് പ്രതിനിധികൾ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്ററുടെ പ്രതിനിധി എന്നിവരടങ്ങുന്ന മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ ഏകോപനം. സേവനത്തിനനുസരിച്ചാണ്‌ നിരക്ക് നിശ്ചയിക്കുക. ആദ്യഘട്ടമെന്ന നിലയിലാണ്‌ കട്ടപ്പന നഗരസഭയിൽ പദ്ധതിക്ക്‌ തുടക്കമിട്ടത്‌. തൊടുപുഴ നഗരസഭയിൽ ഡിസംബറിൽ പ്രവർത്തന സജ്ജമാകും.
 
കൈയിലൊരു ആപ്പ്‌ മതി
സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിന്‌ ‘പോക്കറ്റ്‌ മാർട്ട്‌’ എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആവശ്യമായ സേവനം, സ്ഥലം, സമയം, നിരക്ക്‌ എന്നീ വിവരങ്ങൾ അറിയുന്നതിന്‌ ആപ്പിലൂടെ സാധിക്കും. സേവനവിതരണത്തിന്‌ ഓരോ നഗരസഭാ പ്രദേശത്തിനനുസരിച്ച്‌ ഫോൺ നമ്പറുകളും സജ്ജീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top