04 December Wednesday

അക്ഷരങ്ങളുടെ പ്രകാശം 
ആസ്വദിക്കാനൊരുങ്ങുകയാണവർ

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024
തൊടുപുഴ 
ജന്മം സമ്മാനിച്ച ഇരുളിനോട് വിടപറയാൻ അക്ഷരങ്ങളുടെ പ്രകാശം ആസ്വദിക്കാനൊരുങ്ങുകയാണ്‌ ആൽബിൻ ടെനിയും, ജിസ ജോർജും ഒപ്പമുള്ള 29 കൂട്ടുകാരും. കാഴ്ചപരിമിതി നേരിടുന്നവർക്ക് ജില്ലയിൽ ആരംഭിച്ച ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ ആദ്യ പഠനക്ലാസിൽ പങ്കെടുക്കാൻ എത്തിയ പഠിതാക്കളുടെ മുഖത്തും ആ പ്രകാശം പരന്നു.
കുടയത്തൂർ എൽബിഎംഎം സ്കൂളിലാണ് ശനിയാഴ്ച ബ്രെയിൽ പഠിതാക്കളുടെ ആദ്യ ബാച്ച്ക്ലാസ്സുകൾ ആരംഭിച്ചത്.  ജില്ലയിൽ കാഴ്ചപരിമിതി നേരിടുന്നവർക്ക് ബ്രെയിൽ ലിപിയിൽ അടിസ്ഥാന വിദ്യാഭ്യാസം നൽകാൻ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ക്ലാസിൽ പങ്കെടുക്കാൻ എത്തിയവരെ സാക്ഷരതാമിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി എം അബ്ദുൾകരീം, കുടയത്തൂർ പഞ്ചായത്തിലെ പ്രേരക് ഹസീന സലിം, ഇൻസ്ട്രകടർ അർഷ് എന്നിവർ സ്വീകരിച്ചു. പഠനോപകരണങ്ങൾ സാക്ഷരതാ മിഷൻ അതോറിറ്റി നൽകും. ഭക്ഷണച്ചെലവ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി.
തൊടുപുഴ, ഇളംദേശം ബ്ലോക്കുകളുടെയും തൊടുപുഴ നഗരസഭ പരിധിയിലെയും പഠിതാക്കൾക്കാണ് എൽബിഎംഎം സ്കൂളിൽ ക്ലാസ് സജ്ജമാക്കിയിട്ടുള്ളത്. 31 പേരുണ്ടിവിടെ. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മൂന്ന്‌ മണിക്കൂർ വീതമാണ് ക്ലാസ്‌. ആകെ 160 മണിക്കൂറാണ് ക്ലാസ്. കാഴ്‍ച വെല്ലുവിളി നേരിടുന്നവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വർധിപ്പിക്കുക, ഒറ്റപ്പെട്ടു നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, കലാപരമായ കഴിവുകൾ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരം ഒരുക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യം. ജില്ലയിലെ മറ്റു ബ്ലോക്കുകളിലെ പഠിതാക്കൾക്കും ഉടൻ ക്ലാസുകൾ തുടങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top