04 December Wednesday

കാരിക്കോട് -തെക്കുംഭാഗം 
റോഡുപണി നിലച്ചതിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024

ശോച്യാവസ്ഥയിലുള്ള കാരിക്കോട് - തെക്കുംഭാഗം റോഡ്

തൊടുപുഴ
കാരിക്കോട് –-തെക്കുംഭാഗം റോഡ് പണി നിലച്ചതിൽ പ്രതിഷേധിച്ച്‌ സിപിഐ എം പ്രക്ഷോഭത്തിനൊരുങ്ങുന്നു. കാരിക്കോട് മുതൽ മലങ്കര ഗേറ്റ് വരെ 4.5 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ നിർമാണം പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച് നാലുമാസം മുന്നേ പണികൾ ആരംഭിച്ച കാരിക്കോട്–--തെക്കുംഭാഗം റോഡ് നിർമാണം വകുപ്പുകൾ തമ്മിലുള്ള തർക്കത്തിൽപ്പെട്ട് നിലച്ചിരിക്കുകയാണ്‌. 
കാരിക്കോട് മുതൽ കാപ്പിത്തോട്ടം കുരിശുപള്ളി വരെയും തടിപ്പാലം മുതൽ 100 മീറ്റർ ദൂരവും ഉൾപ്പെട്ടെ 400 മീറ്റർ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ വാട്ടർ അതോറിറ്റി തയാറാകാത്തതാണ് പ്രധാന കാരണം. രണ്ടുമാസം മുമ്പ് പിഡബ്ല്യുഡി  വാട്ടർ അതോറിറ്റിയിൽ പണികൾ ചെയ്യാനുള്ള പണം അടച്ചെങ്കിലും വാട്ടർ അതോറിറ്റി അധികൃതർ തിരിഞ്ഞു നോക്കിയില്ലന്നാണ് ആക്ഷേപം. കെഎസ്‌ഇബിയും നിഷേധ സമീപനം സ്വീകരിച്ചു. ആറ് വൈദ്യുതി പോസ്റ്റുകൾ മാറേണ്ടത് ഇവരുടെ നേതൃത്വത്തിലാണ്. എന്നാൽ പലതവണ  സമീപിച്ചിട്ടും എസ്റ്റിമേറ്റ് പോലും തയാറാക്കിയില്ല. ഇതിനിടെ കരാറുകാരന്റെ എഗ്രിമെന്റ്  കാലാവധിയും അവസാനിച്ചു. വീണ്ടും നാലുമാസം കൂടി നീട്ടിനൽകിയത് മാർച്ചിൽ അവസാനിക്കും. തടസ്സങ്ങൾ ഇല്ലാതെ പണികൾ മുന്നോട്ട് പോയാൽ പോലും നാല്‌ മാസം കൊണ്ട്‌ പൂർത്തീകരിക്കുവാൻ സാധിക്കില്ല. 
സൈഡ് പ്രൊട്ടക്ഷൻ വർക്കും ടിഎസ്‌പി വർക്കും എർത്ത് വർക്കും റോഡ് ഫില്ലിങ്ങും മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഇനി വിഎംഎം വിരിച്ച് ടാറിങ്‌ ജോലിയാണ് പൂർത്തീകരിക്കുവാനുള്ളത്. ഏറെ നാളത്തെ പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് റോഡ് നിർമാണത്തിനാവശ്യമായ ഫണ്ട് സർക്കാർ അനുവദിച്ചത്. എന്നാൽ, സ്ഥലം എംഎൽഎ യുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ റോഡ് നിർമ്മാണം നിർത്തിവയ്ക്കേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചതായി സിപിഐ എം തെക്കുംഭാഗം, ആലക്കോട് സൗത്ത് ലോക്കൽ സെക്രട്ടറിമാരായ ടി എം മുജീബ്, പി ജെ രതീഷ് എന്നിവര്‍ പറഞ്ഞു. റോഡ് നിർമ്മാണത്തിന് പ്രധാന തടസം സൃഷ്ടിക്കുന്ന വാട്ടർ അതോറിറ്റി അധികൃതർക്കെതിരെ സിപിഐ എം പ്രക്ഷോഭം ശക്തമാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top