മൂന്നാർ
പ്രളയത്തിൽ തകർന്ന മൂന്നാർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് പുനർനിർമിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. മന്ത്രി ആർ ബിന്ദു അധ്യക്ഷയായി മൂന്നാറിൽ നടത്തിയ ആലോചനാ യോഗത്തിലാണ് തീരുമാനം. 2018ലെ പ്രളയത്തിലാണ് കോളേജ് അക്കാദമിക് ബ്ലോക്കും പ്രിൻസിപ്പൽ കോട്ടേഴ്സുൾപ്പടെയുള്ള കെട്ടിടങ്ങളും ഇടിഞ്ഞുപോയത്. നിലവിൽ ഡിടിപിസിയുടെ ബഡ്‌ജറ്റ് ഹോട്ടൽ കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിച്ചിരുന്നത്. 190 വിദ്യാർഥികളാണ് ഇപ്പോൾ കോളേജിൽ പഠിക്കുന്നത്.
അക്കാദമിക് ബ്ലോക്ക് നിർമിക്കാൻ ഡിടിപിസിയുടെ സ്ഥലം ഏറ്റെടുത്ത് പുനർനിർമാണ നടപടി വേഗത്തിലാക്കും. നിലവിൽ കോളേജ് പ്രവർത്തിക്കുന്ന ഡിടിപിസിയുടെ കൈവശമുള്ള മൂന്നര ഏക്കർ സ്ഥലവും എൻജിനിയറിങ് കോളേജിന്റെ ഹോസ്റ്റലിന് സമീപമുള്ള റവന്യു ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. പകരം നേരത്തെ കോളേജ് പ്രവർത്തിച്ചിരുന്ന ദേവികുളം റോഡിലെ സ്ഥലം ഡിടിപിസിക്ക് കൈമാറും. ബഡ്‌ജറ്റ് ഹോട്ടൽ കെട്ടിടത്തിന് സമീപം മോഡുലാർ ബിൽഡിങ് ഒരുക്കി താൽക്കാലിക സംവിധാനം തയാറാക്കാനും തീരുമാനമായി. തിരുവനന്തപുരത്ത് നടക്കുന്ന ഉന്നതതല യോഗത്തിലാണ് അന്തിമ തീരുമാനം.
അഡ്വ. എ രാജ എംഎൽഎ, ജില്ലാ കലക്ടർ വി വിഗ്ന്വേശ്വരി, ദേവികുളം സബ് കലക്ടർ വി എം ജയകൃഷ്ണൻ, കോളേജ് എഡ്യൂക്കേഷൻ ഡയറക്ടർ കെ സുധീർ, കോളേജ് പ്രിൻസിപ്പൽ ഡോ. എൻ എ മനേഷ്, വൈസ് പ്രിൻസിപ്പൽ ഡോ. കെ ടി വന്ദന ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോജു, ദേവികുളം തഹസിൽദാർ സജീവ് ആർ നായർ, മൂന്നാർ വില്ലേജ് ഓഫീസർ സെൽവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..