22 November Friday

ഷാജിയുടെ കൃഷി പരീക്ഷണ​ഗാഥകള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

പാറത്താഴത്ത് ഷാജി പൂന്തോട്ടത്തിൽ

 തൊടുപുഴ

പത്താംക്ലാസ് കഴിഞ്ഞപ്പോഴേ ഉറപ്പിച്ചു, കാലൂന്നേണ്ടത് മണ്ണിലാണ്. കൃഷിയാണ് ജീവിതമെന്ന്. ആ തീരുമാനത്തിലൂടെ നടന്ന് ഇന്ന് വരുമാനത്തിലേറെ ആത്‍മസംതൃപ്‍തി സ്വന്തമാക്കുകയാണ് പാറത്താഴത്ത് ഷാജി. അച്ഛനും അമ്മയും കുടുംബക്കാരുമെല്ലാം പരമ്പരാ​ഗത കര്‍ഷകര്‍. കൃഷിതന്നെ ജീവിതമാര്‍​ഗമെന്ന് ഉറപ്പിക്കാൻ മറ്റെന്തുവേണം ഈ ഇടവെട്ടിക്കാരന്. 
ഭൂമി പാട്ടത്തിനെടുത്താണ്‌ കൃഷിയിലെ പരീക്ഷണങ്ങൾ. സ്വന്തമായി ലഭിച്ച 46 സെന്റ്‌ സ്ഥലത്തായിരുന്നു തുടക്കം. ഭൂമിയുടെ ചരിവ് മറ്റ് പ്രത്യേകതകളും എല്ലാത്തരം കൃഷികൾക്കും പറ്റിയതല്ലെന്ന്‌ പഠിപ്പിച്ചു. ഇതോടെ അടുത്തുള്ള പുരയിടം പാട്ടത്തിനെടുത്ത് കൃഷിതുടങ്ങി. കപ്പയും വാഴയും വെണ്ടയും പയറും ചീനിയും വഴുതനയ്‍ക്കുമൊപ്പം നിത്യവഴുതനയും നട്ടു പരിപാലിക്കുന്നു. കാർഷിക വിളകൾ വിൽക്കുന്നത് അധികവും പ്രാദേശിക വിപണിയിലാണ്. കൃഷിയിൽനിന്നും വലിയ തോതിൽ ലാഭമില്ലെങ്കിലും നഷ്ടം വരാറില്ല. ഷാജി പറയുന്നു. 
ഒരു കൈ പൂക്കൃഷിയിലും
ഈ വര്‍ഷമാണ് പൂ കൃഷിയും പരീക്ഷിക്കാമെന്നുറച്ചത്. നെൽകൃഷിക്കായാണ് സ്ഥലമൊരുക്കിയത്. എന്നാൽ ഒറ്റപ്പെട്ടയിടത്ത് നെൽകൃഷി ചെയ്‌താൽ കീടങ്ങളുടെ ഉപദ്രവത്തിന് സാധ്യതയുണ്ടെന്ന്‌ കൃഷി ഓഫീസറുടെ ഉപദേശം. അങ്ങനെ പൂകൃഷിയിലേക്കെത്തി. സുഹൃത്ത് പള്ളത്ത്‌ ആന്റണി ഒരു ബന്തിപ്പൂ ഷാജിക്ക് നൽകിയിരുന്നു. ഇതിലൂടെയാണ് പൂ കൃഷിയെന്ന ആശയമുദിച്ചത്. ഓൺലൈനായി 230 തൈകൾ വരുത്തി. ഒരു തൈക്ക്‌ ഏഴുരൂപയാണ്‌. ബന്തികൾ വിളവെടുപ്പിന്‌ പാകമായി. ഒരു ചെടിയിൽനിന്ന്‌ 150ദിവസം വരെ ഒന്നിടവിട്ട് പൂക്കൾ പറിക്കാം. ഒരുകിലോയ്‍ക്ക് 100 രൂപവരെ ലഭിക്കും. സാധാരണ 18മുതൽ 22ഗ്രാം വരെയാണ്‌ ഒരു പൂവിന്റെ തൂക്കം. 35ഗ്രാം വരെയുള്ള പൂക്കളുമുണ്ട്. ഇപ്പോൾ ദിവസവും മൂന്നുകിലോവരെ കിട്ടുന്ന വിളവ്‌ സീസണായാൽ 10കിലോ വരെയാകും. 
എത്ര പൂക്കളുണ്ടെങ്കിലും വിൽപ്പനയ്‌ക്കുള്ള വിപണി തൊടുപുഴയിലുണ്ട്‌. തന്റെ പൂപ്പാടത്തുനിന്ന്‌ പൂന്തേൻ നുകരാൻ ചിത്രശലഭങ്ങളും പൂമ്പാറ്റകളും തുമ്പികളും ധാരാളമായി എത്തുന്നത്‌ കൗതുകകാഴ്‌ചയാണ്‌. ഇവയ്‌ക്ക്‌ ജീവഹാനി വരാതിരിക്കാൻ കീടനാശിനി പ്രയോഗം ഒഴിവാക്കി. കൃഷിയിൽ സഹായത്തിന്‌ സഹധർമിണി മണി ഷാജിയും ഒപ്പത്തിനുണ്ട്‌. പാട്ടകൃഷിയായതിനാൽ കൃഷിയിടം എപ്പോൾ വേണമെങ്കിലും വിറ്റുപോകാമെന്ന ആശങ്ക ഷാജിക്കുണ്ട്‌. കൃഷിക്ക് വേണ്ട പിന്തുണ പഞ്ചായത്തിന്റെ ഭാ​ഗത്തുനിന്ന് കിട്ടുന്നില്ലെന്ന പരിഭവവുമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top