27 December Friday

ചിത്രശലഭങ്ങളെ തിരിച്ചറിയാൻ ‘നിർമിതബുദ്ധി’

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024
കുമളി
ഇനി ചിത്രശലഭങ്ങളെ ആർക്കും വേഗത്തിൽ തിരിച്ചറിയാനാവും. സംസ്ഥാനതല വനംവന്യജീവി ദിനാഘോഷത്തിൽ അവതരിപ്പിച്ച നിർമിതബുദ്ധി അധിഷ്‌ഠിത മൊബൈൽ ആപ്ലിക്കേഷനാണ് പ്രകൃതിസ്നേഹികളുടെയിടയിൽ താരമായത് . നിർമിത ബുദ്ധി ആപ്ലിക്കേഷൻ പ്രിൻസിപ്പൽ സിസിഎഫ് ഗംഗ സിങ്  ഉദ്ഘാടനംചെയ്തു. കുമളി ഹോളിഡേ ഹോമിൽനടന്ന ചടങ്ങിൽ വാഴൂർ സോമൻ എംഎൽഎ അധ്യക്ഷനായി. 
മാങ്കുളം വനംഡിവിഷൻ, ഇടുക്കി എൻജിനിയറിങ് കോളേജുമായി ചേർന്ന് വികസിപ്പിച്ച ചിത്രശലഭങ്ങളെ തിരിച്ചറിയുന്നതിനുള്ള നിർമിതബുദ്ധി അധിഷ്‌ഠിത ഓൺലൈൻ ആപ്ലിക്കേഷന്റെ ഔപചാരിക പ്രകാശനമാണ് കുമളിയിൽ നടന്നത്. 
സ്‌മാർട്ട് ഫോൺ ഉപയോഗിച്ചോ ക്യാമറ ഉപയോഗിച്ചോ എടുക്കുന്ന ചിത്രശലഭത്തിന്റെ ചിത്രം ടെലഗ്രാം ആപ്പിലൂടെ  മാങ്കുളം ഡിവിഷനിൽ സജ്ജമാക്കിയിരിക്കുന്ന നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സർവറിലേയ്ക്ക് സന്ദേശമായി അയച്ചാൽ ഉടൻ തന്നെ സർവർ ചിത്രശലഭത്തെ തിരിച്ചറിഞ്ഞ് പേരും, അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനുള്ള ലിങ്കും സന്ദേശമയച്ച ആൾക്ക് ടെലഗ്രാം വഴി നിമിഷങ്ങൾക്കുള്ളിൽ ലഭിക്കും.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള പശ്ചിമഘട്ടത്തിൽ 353 ഇനം ചിത്രശലഭങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 337 ഇനങ്ങൾ കേരളത്തിൽനിന്നും റിപ്പോർട്ടുചെയ്തിട്ടുണ്ട്. കേവലം 90 ചതുരശ്ര കിലോമീറ്റർമാത്രം വിസ്തൃതിയുള്ള അതീവ ജൈവവൈവിധ്യ പ്രദേശമായ മാങ്കുളം വനപ്രദേശങ്ങളിൽനിന്ന് മാത്രം 270 ഇനം ചിത്രശലഭങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ആപ്ലിക്കേഷൻ ഉപയോഗിച്ച് കേരളത്തിൽ കാണപ്പെടുന്ന 320 ഇനം ചിത്രശലഭങ്ങളെ കൃത്യമായി തിരിച്ചറിയാൻ സാധിക്കും. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും, ചിത്രശലഭ
പ്രേമികൾക്കും ഒരേപോലെ ഉപയോഗിക്കാൻ സാധിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ കേരളത്തിലെ  സ്‌കൂളുകളിലും  കോളേജുകളിലും  പൊതുസ്ഥലങ്ങളിലും നിർമിച്ചിരിക്കുന്ന ശലഭോദ്യാനങ്ങളിലും ഉപയോഗിക്കാൻ സാധിക്കും.
ഇടുക്കി സർക്കാർ എൻജിനിയറിങ് കോളേജിലെ ഡീനും, ഡിപ്പാർട്ട്മെന്റ്‌ ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ്‌ കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഡോ. കെ സുരേഷ്, ഡോ. എസ് ഭഷിദാസ്, അസിസ്റ്റന്റ് പ്രൊഫസർമാരായ ജെ ആഷ, ആർ വിജി, പി ജി ജിജി എന്നിവരടങ്ങുന്ന സംഘമാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചതും ഡേറ്റാബേസ് നിർമിച്ചതും. 
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ, ചിത്രശലഭ പ്രേമികളായ സർക്കാരിതര സംഘടനകളിലെ അംഗങ്ങൾ, ഡോക്ടർമാർ, ന്യായാധിപൻമാർ, അധ്യാപകർ, ഗവേഷണ വിദ്യാർഥികൾ, പത്രപ്രവർത്തകർ, വിവിധ തലത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിങ്ങനെ നൂറോളം സന്നദ്ധപ്രവർത്തകർ ഉദ്യമത്തിൽ പങ്കാളികളാണ്. ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി, സൊസൈറ്റി ഫോർ ട്രോപ്പിക്കൽ ഇക്കോളജി ആൻഡ്‌ റിസർച്ച്, നിലമ്പൂർ എന്നീ എൻജിഒകളുടെ സഹായവും നിർണായകമായി. 
ഡോ. കലേഷ് സദാശിവൻ, കെ ബൈജു, ബ്രിജേഷ് പൂക്കോട്ടൂർ, അനില മണാലി, പി പി പ്രമോദ്, ആർ എസ് അരുൺ, കെ ബി സുഭാഷ് എന്നിവർ തയ്യാറാക്കിയ ചിത്രശലഭങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ലോകത്തിൽ മറ്റൊരിടത്തും ഇല്ലാത്ത പത്തോളം ശലഭങ്ങൾ മാങ്കുളം പ്രദേശത്തുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top