ഇടുക്കി
ജില്ലയിലെ വാഴത്തോപ്പ്, വാത്തിക്കുടി, നെടുങ്കണ്ടം, മരിയാപുരം പഞ്ചായത്തുകളിൽ ജലസേചനാവശ്യമായി ജലം തടഞ്ഞുനിർത്തുന്നതിനും കൃഷി ഭൂമിയുടെ സംരക്ഷണത്തിനുമായി തടയണ, വിസിബി(വിയർ കം ബ്രിജ്) നിർമിക്കും. ഇതിനായി കിഫ് ബി വഴി 25 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കൊന്നത്തടി–- വാത്തിക്കുടി, നെടുങ്കണ്ടം മേഖലയായ പ്രദേശത്തെ ജലസേചനത്തോടൊപ്പം ടൂറിസം സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാഴത്തോപ്പ് പഞ്ചായത്ത് രണ്ടാം വാർഡിൽ സെമിനാരിപ്പടിക്ക് സമീപം പാൽക്കുളംതോടിനു കുറുകെ ചെക്ക് ഡാം കം ബ്രിഡ്‌ജ് നിർമിക്കുന്നതിനായി 8.32 കോടി രൂപയാണ് അനുവദിച്ചത്. ഭൂമിയാംകുളം റോഡിനും മഞ്ഞപ്പാറ–- മുളകുവള്ളിവഴി മണിയാറൻകുടിക്ക് കടന്നുപോകുന്ന റോഡും സെമിനാരിപടിഭാഗത്തുവച്ച് ബന്ധിപ്പിച്ച് തടയണ കം ബ്രിഡ്‌ജ് നിർമിക്കുക. ഇതോടെ സമീപത്തുള്ള കൃഷികൾക്ക് ജലസേചനം സാധ്യമാകുന്നതിനും തടിയംപാട് നിന്ന് ഗതാഗതത്തിനായി സുരക്ഷിതമായൊരു പാലംകൂടിയാകും. നെടുങ്കണ്ടം പഞ്ചായത്തിലെ പതിനൊന്നാം വാർഡും വാത്തിക്കുടി പഞ്ചായത്തിലെ എട്ടാം വാർഡും തമ്മിൽ ബന്ധിപ്പിച്ച് മഠംപടി ഭാഗത്ത് ചിന്നാറിന് കുറുകേ വിസിബി നിർമിക്കുന്നതിന് 9.22 കോടി രൂപയും അനുവദിച്ചു.
മരിയാപുരം പഞ്ചായത്തിലെ പതിനൊന്നാം വാർഡിനെയും വാഴത്തോപ്പ് പഞ്ചായത്തിലെ പത്താംവാർഡിനെയും തമ്മിൽ ബന്ധിപ്പിച്ച് പെരിയാർ നദിക്ക് കുറുകെ വെള്ളക്കയം ഭാഗത്ത് വിസിബി കം ക്രോസ് വേ നിർമിക്കുന്നതിനും അനുമതിയായി. പ്രളയത്തിൽ തകർന്ന്പോയ വെള്ളക്കയം നടപ്പാലത്തിനു പകരമായി ചെറിയ വാഹനങ്ങൾ കടന്നുപോകത്തക്കവിധം ഗതാഗതസൗകര്യം ഒരുക്കും. ചെറുതോണി–- നേര്യമംഗലം റോഡിന് സമീപത്തുകൂടി കടന്നു പോകുന്നവീതി കൂടിയ പുഴയായതിനാൽ ഇവിടെ ഏറെ ടൂറിസം സാധ്യതകളാണുള്ളത്. ഇതോടൊപ്പം പഴയ ചെറുതോണി പാലത്തിനു സമീപം സംരക്ഷണ ഭിത്തിനിർമിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തി. ഇതിനായി 7.30 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
മുൻകാലങ്ങളെ അപേക്ഷിച്ച് വരൾച്ച രൂക്ഷമായി വരുന്നതിനെ പ്രതിരോധിക്കുന്നതിനായി പുഴകളിലെയും തോടുകളിലെയും ഒഴുക്ക് വെള്ളം പരാമാവധി തടഞ്ഞ് നിർത്തും. മണ്ണ് ഈർപ്പമുള്ളതാകുന്നതിനും കാർഷിക മേഖലയിൽ കാണുന്ന വരൾച്ച പരിഹരിക്കുന്നതിനും കർഷകരെ ആധുനിക രീതിയിൽ കൃഷി ചെയ്യുന്നതിനു സജ്ജരാക്കുന്നതിന് ഡ്രിപ് ഇറിഗേഷൻ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ജലസേചന വകുപ്പ് മുഖേന നടത്തി വരുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..