05 November Tuesday

കസ്തൂരിരംഗൻ റിപ്പോർട്ട് പുനഃപ്രസിദ്ധീകരണം എംപിമാർ ഇടപെടാത്തതിനാൽ: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

 ചെറുതോണി

കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ 47 വില്ലേജുകളും  പരിസ്ഥിതിലോല മേഖലയായി പുനഃപ്രസിദ്ധീകരണം വന്നത് എംപിമാരുടെ ഇടപെടൽ ഉണ്ടാകാത്തതുമൂലമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ള എംപിമാർ അഞ്ചുവർഷം പാർലമെന്റിൽ മിണ്ടാതിരുന്നതിന്റെയും പരിസ്ഥിതിസംഘടനകൾക്ക് ചൂട്ടുപിടിച്ചതിന്റെയും പരിണിതഫലമാണിത്. കോൺഗ്രസ് സർക്കാർ 2013 നവംബർ 13ന് ഇറക്കിയ നിർമാണ നിരോധന ഉത്തരവിന്റെ ദുർഗതിയാണ് ഇപ്പോഴും ഇടുക്കിക്കാർ നേരിടുന്നത്. 2014 മാർച്ച് 31ന് പുതിയ കരട് ഇറക്കിയതിലൂടെ എല്ലാം പരിഹരിച്ചുവെന്ന് പ്രസ്താവനയിറക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച കോൺഗ്രസ് നേതൃത്വം വൈകിയെങ്കിലും സത്യം തുറന്നുസമ്മതിക്കണം. കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുമ്പോൾ കൃഷി, തോട്ടം, ജനവാസകേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ എന്നിവ ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. 
നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതിനെത്തുടർന്ന് 2018 ൽ തന്നെ കേരളം സമഗ്രവും ശാസ്ത്രീയവുമായ റിപ്പോർട്ട് നൽകിയിരുന്നു. അതുവരെ ഉണ്ടായിരുന്ന 9999 ച.കി.മീറ്റർ പരിസ്ഥിതിലോല പ്രദേശത്തുനിന്ന് ഇളവുകൾ വരുത്തി 8868 ച.കി.മീറ്റർ വനത്തിൽ മാത്രം ഇഎസ്എ നിജപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയത്. ജൻഡക്കുള്ളിൽമാത്രം ഇഎസ്എ നിജപ്പെടുത്തി കൃഷിയിടങ്ങളിൽ ഇടകലർന്നുകിടക്കുന്ന സാഹചര്യത്തിൽ  മുഴുവൻ ഒഴിവാക്കിയാണ് ഇഎസ്എ വിസ്തൃതി കുറച്ചെടുത്തത്. ഇത്തരത്തിൽ സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ട് പഠിക്കാൻ കേന്ദ്രം വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതി റിപ്പോർട്ട് പഠിച്ചുവരുന്നതിനിടയിലാണ് കാലാവധി കഴിയാത്തതിനെത്തുടർന്ന് കരട് വിജ്ഞാപനം പുനഃപ്രസിദ്ധീകരിച്ചത്. സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ട് അംഗീകരിപ്പിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാവശ്യമായ ഒരു ഇടപെടലും കേരളത്തിൽനിന്നുള്ള എംപിമാർ കഴിഞ്ഞ അഞ്ച്‌ വർഷവും ചെയ്യാതിരുന്നതിന്റെ അപകടമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. എംപിമാരിൽനിന്ന്‌ ഇനിയും നീതി പ്രതീക്ഷിക്കാനാവില്ല. നിർമാണ നിരോധനം പുന:പ്രസിദ്ധീകരിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെയും എംപിമാരുടെ നിസ്സംഗതക്കെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top