27 December Friday
ഉദ്ഘാടനത്തിന് ഒരുവർഷം തികയും മുമ്പ്

കിന്‍ഫ്ര സ്‍പൈസസ് പാര്‍ക്ക് രണ്ടാംഘട്ട വികസനത്തിലേക്ക്

എ ആര്‍ അനീഷ്Updated: Friday Oct 4, 2024

കിൻഫ്ര സ്‍പൈസസ് പാര്‍ക്ക്

മൂലമറ്റം
ആദ്യഘട്ടം പൂർത്തിയാക്കി ഒരുവർഷം തികയും മുമ്പേ രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾ ആരംഭിച്ച് മുട്ടം തുടങ്ങനാട് കിൻഫ്ര സ്‍പൈസസ് പാർക്ക്. 2023 ഒക്‍ടോബർ 14നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാര്‍ക്ക് നാടിന് സമര്‍പ്പിച്ചത്. രണ്ടാംഘട്ട നിര്‍മാണം 18 ഏക്കറിലായിരിക്കും. എറണാകുളം കേന്ദ്രമായ എസ്എൻ കണ്‍സ്‍ട്രക്ഷനാണ് 6.75 കോടിരൂപയുടെ ടെന്‍ഡര്‍ ഏറ്റെടുത്തിരിക്കുന്നത്. എബിഎം കൺസൾട്ടൻസിക്കാണ് നിർമാണച്ചുമതല. കിൻഫ്ര മേൽനോട്ടം വഹിക്കും. ഒരുവർഷമാണ് കാലാവധി. കുന്നിടിച്ച് സ്ഥലം ഒരുക്കലാണ് ആദ്യം. 
രണ്ടാംഘട്ടത്തിന്റെ കോണ്ടൂർ സർവേ ബുധനാഴ്‍ച ആരംഭിച്ചു. പാർക്കിലെ പ്ലോട്ടുകളിലേക്കുള്ള റോഡ്, രണ്ടുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക്, പൈപ്പ്‍ലൈൻ, വൈദ്യുതി, ശുദ്ധീകരണ പ്ലാന്റ് എന്നിവ കിൻഫ്ര തയ്യാറാക്കി നൽകും. തുടർന്നാകും സംരംഭകർക്ക് നൽകുക. 
ചുവടുറപ്പിച്ച് സംരംഭകര്‍
20കോടി രൂപ ചെലവഴിച്ചാണ് 15 ഏക്കറില്‍ ആദ്യഘട്ടം പൂർത്തിയാക്കിയത്. അടിസ്ഥാന സൗകര്യങ്ങൾക്കായി നീക്കിവച്ച ശേഷം 9.5 ഏക്കറാണ് സംരംഭകര്‍ക്ക് വാടകയ‍്ക്ക് നൽകുന്നത്. ഇതിൽ എട്ടേക്കർ 12 സ്ഥാപനങ്ങൾ എടുത്തുകഴിഞ്ഞു. 30വർഷത്തേക്കായിരുന്നു കരാറെങ്കിലും ഇപ്പോള്‍ 60ആയി വര്‍ധിച്ചു. 
ഫൈസൻസ് എറണാകുളം (2.50 ഏക്കർ), ബ്രാഹ്മിൻസ് ഫുഡ്‌സ് ഇന്ത്യ ലിമിറ്റഡ് (1.50 ഏക്കർ), അജ്‌മി ഫുഡ്‌സ് ഡിവിഷൻ (1.28 ഏക്കർ), അജ്‌മി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (82 സെന്റ്), ഗ്രാനുവൽസ് കമ്പനി (60 സെന്റ്), ഏഷ്യൻ ഗ്രൈന്റ്സ് (35 സെന്റ്), ഫ്രൂട്‌സ്‍വാലി ഫാർമർ പ്രൊഡ്യൂസർ കമ്പനി (10 സെന്റ്) എന്നിവയാണ് പ്ലോട്ടുകള്‍ വാടകയ്‍ക്ക് എടുത്തിട്ടുള്ളത്. സെന്റിന് 1.78 ലക്ഷം രൂപയ്‍ക്കാണ് പ്ലോട്ടുകൾ കൈമാറിയത്. തുകയുടെ 20 ശതമാനമാണ് കമ്പനികൾ ആദ്യം അടയ്‍ക്കേണ്ടത്. എല്ലാ കമ്പനികളും ഇത് അടച്ചു. ബാക്കി അഞ്ചുതവണയായി അഞ്ചുവർഷത്തില്‍ അടച്ചുതീർത്താൽ മതി. ഓഫീസ്, റോഡ്, വെള്ളം, വൈദ്യുതി, സംരക്ഷണ മതിൽ, ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അഡ്‍മിനിസ്‍ട്രേറ്റീവ് ഓഫീസ് കെട്ടിടം, ഡോക്യുമെന്റേഷൻ സെന്റർ, കോൺഫറൻസ് ഹാൾ, പോസ്റ്റ് ഓഫീസ്, അസംസ്‌കൃത വസ്‌തുക്കൾ സൂക്ഷിക്കാനുള്ള സൗകര്യം, വിപണന സൗകര്യം എന്നിവയുമുണ്ട്. 
ഏലം, ചുക്ക്, കുരുമുളക്, ജാതി, കൊക്കോ, അടയ്‍ക്ക, പഴവർഗങ്ങൾ തുടങ്ങിയവ കർഷകരിൽനിന്ന് സംഭരിച്ച് വില്‍ക്കാനും വ്യാവസായിക അടിസ്ഥാനത്തിൽ സംസ്‌കരിക്കാനും മൂല്യവർധനയും ലക്ഷ്യമിട്ടാണ് സ്‍പൈസസ് പാർക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top