ഇടുക്കി
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിൽ അതിഥിത്തൊഴിലാളി യുവതിക്ക് സുഖപ്രസവം. മധ്യപ്രദേശ് സ്വദേശിനി, രാജാക്കാട് പൊൻമുടി ചേലച്ചുവട് താമസിക്കുന്ന ഗനസ്യ(25) ആണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.
ചൊവ്വ രാവിലെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾറൂമിൽനിന്ന് അത്യാഹിതസന്ദേശം രാജാക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കനിവ് ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് ജെറിൻ മാത്യു, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എം ധനലക്ഷ്മി എന്നിവർ സ്ഥലത്തെത്തി യുവതിയുമായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു. എന്നാൽ, ആംബുലൻസ് ഒരു കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും യുവതിയുടെ ആരോഗ്യനിലവഷളായി. പ്രസവമെടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയ ധനലക്ഷ്മി വാഹനത്തിനുള്ളിൽ സജ്ജീകരണങ്ങൾ ഒരുക്കി. തുടർന്ന് രാവിലെ 9.54ന് യുവതി കുഞ്ഞിന് ജന്മം നൽകി. ഉടൻ ധനലക്ഷ്മി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾക്കൊടി ബന്ധം വേർപ്പെടുത്തി. തുടർന്ന് ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് രാജാക്കാട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..