മറയൂർ
മറയൂരിൽ വീട്ടമുറ്റത്തെത്തിയ കുരങ്ങ് തട്ടിയെടുക്കാൻ ശ്രമിച്ച പിഞ്ചുകുഞ്ഞിനെ മുത്തശ്ശി സാഹസികമായി രക്ഷപ്പെടുത്തി. കുരങ്ങിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നതിനിടെ വൃദ്ധയ്ക്ക് വീണ് പരിക്കേറ്റു. നാച്ചിവയൽ സ്വദേശിനി രംഗനായകത്തിനാണ് പരിക്കേറ്റത്. ചൊവ്വ പകൽ 11ഓടെ മറയൂർ നാച്ചിവയലിലാണ് സംഭവം. രംഗനായകത്തിന്റെ മകൾ മഹാലക്ഷ്മി, തന്റെ 10മാസം പ്രായമുള്ള കുഞ്ഞുമായി വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെയാണ് കുരങ്ങ് പാഞ്ഞെത്തിയത്. കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മഹാലക്ഷ്മിയുടെ നിലവിളികേട്ട് രംഗനായകം ഓടിയെത്തി. ഉടൻതന്നെ കുഞ്ഞിനെ സുരക്ഷിതമായി കുരങ്ങിന്റെപിടിയിൽനിന്ന് രക്ഷപ്പെടുത്തി. ഇതിനിടെ കുരങ്ങ് ആക്രമിക്കാൻ ശ്രമിച്ചതോടെ പിന്നിലേക്ക് വീണ് രംഗനായകത്തിന്റെ കാലിന് പരിക്കേറ്റു. സമീപവാസികൾ ഓടിയെത്തി കുരങ്ങുകളെ തുരത്തി. രംഗനായകത്തെ മറയൂരിലെ ആശുപതിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. പരിശോധനയിൽ കാലിന് ഒടിവുള്ളതായി വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്ക്കായി ഉദുമൽപേട്ടയിലെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..