തൊടുപുഴ
മാലിന്യമുക്തം നവകേരളം ജനകീയ പ്രചാരണ പരിപാടിയുടെ ഭാഗമായി ജില്ലാ സിവിൽ സ്‌റ്റേഷനിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളെയും ഹരിത ഓഫീസുകളാക്കി മാറ്റും. ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഓഫീസുകളിലെ മാലിന്യങ്ങളും പാഴ്‌വസ്‌തുക്കളും ശാസ്‌ത്രീയമായി നിർമാർജനം ചെയ്യാൻ പദ്ധതിയിടുന്നത്.
സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന 26 ഓഫീസുകളെ ഹരിതമാക്കുന്നതിന് ജില്ലാ ഓഫീസർമാരുടെ യോഗം സംഘടിപ്പിച്ചു. എഡിഎം ഷൈജു പി ജേക്കബ് അധ്യക്ഷനായി. ഹരിത ഓഫീസാക്കുന്നതിനുള്ള മാനദണ്ഡങ്ങളും പ്രവർത്തനങ്ങളും ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ. അജയ് പി കൃഷ്ണ വിശദീകരിച്ചു. ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ ആർ ഭാഗ്യരാജ് സംസാരിച്ചു.
വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഓഫീസുകളിൽ ഹരിത പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിന് നോഡൽ ഓഫീസറെ നിയോഗിക്കാൻ എഡിഎം ജില്ലാ ഓഫീസ് മേധാവികൾക്ക് നിർദേശം നൽകി. ഇവരുടെ യോഗം എട്ടിന് നടത്തും. പ്ലാസ്റ്റിക്കും പാഴ്‌വസ്തുക്കളും ഹരിതകർമസേനയ്ക്ക് യൂസർഫീ നൽകി കൈമാറും. ഓഫീസ് പരിസരത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ പൂന്തോട്ടം, ശലഭോദ്യാനം എന്നിവ നിർമിക്കും. താൽക്കാലികമായി എല്ലാ ഓഫീസുകളിലും ബയോബിൻ സ്ഥാപിക്കും. കലക്ടറുടെ അനുമതിയോടെ സിവിൽ സ്റ്റേഷൻ വളപ്പിൽ ജൈവമാലിന്യ സംസ്‌കരണത്തിന് പൊതുസംവിധാനമുണ്ടാക്കാനും യോഗം തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..