06 October Sunday

തൊടുപുഴക്കാരുടെ ‘ഫേവറേറ്റ്‌’ ഷേക്കും ജ്യൂസും

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

 തൊടുപുഴ 

ക്വാളിറ്റിയും ക്വാണ്ടിറ്റിയും വിട്ടൊരു കളിക്ക് നവാസ് തയ്യാറല്ല. ചുമ്മാ പറയണതല്ല, നവാസിന്റെ ഷേക്ക് കുടിച്ചുതീര്‍ക്കുക എന്നുവച്ചാ അല്‍പം ‘ടാസ്‍കാ’ണ്. ചേരുവകളുടെ ​ഗുണമേന്മ തന്നെയാണ് മെയിൻ. തൊടുപുഴക്കാരുടെ മനസും വയറും നിറയ്‍ക്കുകയാണ് നവാസ്. ഷേക്കുകള്‍ക്കും ജ്യൂസുകള്‍ക്കും മാത്രമായൊരു കട, ‘ഫേവറൈറ്റ്‌ ഫുഡ്‌ ആൻഡ്‌ ജ്യൂസ്‌’. ലൊക്കേഷൻ: തൊടുപുഴ ​ഗാന്ധി സ്‍ക്വയറില്‍നിന്ന് കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡിലേക്കുള്ള റോഡില്‍ ഇടതുവശത്ത്. 
നവാസ് അസം സ്വദേശിയാണ്. കേരളത്തിലെത്തിയിട്ട് ഏഴുവര്‍ഷമായെങ്കിലും കട തുടങ്ങിയിട്ട് ഒമ്പത് മാസമാകുന്നതേയുള്ളു. 10ാംക്ലാസുവരെ പഠിച്ച നവാസ്‌ കെട്ടിടനിർമാണ ജോലിക്കാണ് എറണാകുളത്ത് എത്തിയത്‌. ശേഷം വിവിധ ജില്ലകളിൽ ജോലിചെയ്‌തു. ‘കണ്‍സ്‍ട്രക്ഷൻ ജോലി എന്നുമില്ലല്ലോ, ഒരുദിവസം പണിയുണ്ടെങ്കില്‍ പിറ്റേന്ന് കാണില്ല, സ്വന്തമായി തൊഴില്‍ തുടങ്ങാനൊരു മോഹംതോന്നി, അങ്ങനെയാണ് ഫേവറേറ്റ്‌ ഫുഡ്‌ ആൻഡ്‌ ജ്യൂസ്‌ തുടങ്ങിയത് ’. നവാസ് പറയുന്നു. 
ഷേക്കും ജ്യൂസുമെല്ലാം ഉണ്ടാക്കാൻ തനിയെ പഠിച്ചതാണ്. വിവിധ ജില്ലകളിലെ യാത്രകള്‍ക്കിടയില്‍ പലയിടങ്ങളില്‍നിന്നു ജ്യൂസും വിവിധയിനം ഷേക്കും കുടിച്ചു. ഈ രുചികള്‍ നാവില്‍ സൂക്ഷിച്ചു. ഇവയാണ് ഇപ്പോള്‍ തൊടുപുഴക്കാര്‍ക്കും മറ്റ് നാടുകളിലുള്ളവര്‍ക്കും നവാസ് വിളമ്പുന്നത്. രുചിവൈവിധ്യവും ചേരുവകളുടെ ​ഗുണമേന്മയും തന്നെയാണ് നവാസിന്റെ ട്രേഡ് സീക്രട്ട്. അവക്കാഡോ, ചിക്കു, നട്‌സ്‌, ഷാർജ, മിക്‌സഡ് ഡ്രൈ ഫ്രൂട്ട്‌ എന്നിവയാണ്‌ ഷേക്കുകളിൽ പ്രധാനികൾ. മുന്തിരി, പൈനാപ്പിൾ, പപ്പായ, തണ്ണിമത്തൻ, ആപ്പിൾ തുടങ്ങിയവയുടെ ജ്യൂസിനും ആവശ്യക്കാരേറെ. ഷേക്കുകൾക്ക്‌ ഇപ്പോൾ 70രൂപ വരെയാണ്‌ വില. ജൂസിന്‌ 30മുതൽ 60വരെയും. നട്‌സിനും കട്ടിപ്പാലിനും ഈന്തപ്പഴത്തിനും വിലകൂടുന്നതനുസരിച്ച്‌ ഷേക്കിനും പഴവർഗങ്ങളുടെ വിലകൂടിയാൽ ജ്യൂസുകൾക്കും വില കൂടിയേക്കാം. നവാസ്‌ തനിച്ചായിരുന്നു സ്ഥാപനം നടത്തിയിരുന്നത്‌. തിരക്കേറിയതോടെ ബംഗാൾ സ്വദേശി അജാദ്‌ അലിയെയും സഹായത്തിന്‌ കൂട്ടിയിട്ടുണ്ട്. പകൽ 11ന്‌ തുറക്കുന്ന കട അടയ്‌ക്കാൻ രാത്രി വൈകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top