22 November Friday

ഉരുളക്കിഴങ്ങിന്‌ വിളവെടുപ്പുകാലം

എസ് ഇന്ദ്രജിത്ത്Updated: Tuesday Nov 5, 2024

കാന്തല്ലൂർ കൊളുത്താമലയിൽ ഉരുളക്കിഴങ്ങ് വിളവെടുക്കുന്നു

മറയൂർ 
കാന്തല്ലൂർ കൊളുത്താമലയിൽ ഉരുളക്കിഴങ്ങ് വിളവെടുപ്പ്‌ ആരംഭിച്ചു. കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ കാലാവസ്ഥാ വ്യതിയാനം വിളവെടുപ്പ് കുറയുന്നതിന് കാരണമായി. ന്യായവില ലഭിക്കാതെ വന്നതും സർക്കാർ ഏജൻസികളുടെ സഹായം ലഭിക്കാത്തതും മൂലം ഭൂരിഭാഗം കർഷകരും ഉരുളക്കിഴങ്ങ് അടക്കമുള്ള ശീതകാലകൃഷിയിൽനിന്ന്‌ പിൻമാറിയിരുന്നു. വളരെ കുറച്ച് കർഷകർ മാത്രമാണ്‌ ഇത്തവണ പച്ചക്കറിക്കൃഷിയിറക്കിയത്‌.
മേഖലയിൽ ഇത്തവണ കൊളുത്താമലയിൽ ആലത്ത് രാജന്റെ റിസോർട്ട് വളപ്പിൽമാത്രമാണ്‌ ഉരുളക്കിഴങ്ങ്‌ കൃഷിയിറക്കിയത്‌. ഗ്രാന്റീസ് മരങ്ങൾ പിഴുതുമാറ്റിയാണ് നിലമൊരുക്കിയത്‌. ഇവിടെ വി ഗോവിന്ദരാജിന്റെ നേതൃത്വത്തിലായിരുന്നു കൃഷി. എൻജിനിയറിങ്‌ ബിരുദധാരികൂടിയായ ഗോവിന്ദരാജ്‌ മണ്ണും മഴയുമറിഞ്ഞ്‌ കൃഷിചെയ്യുന്ന കർഷകനാണ്‌. 
മേട്ടുപ്പാളയത്തുനിന്ന്‌ 45 കിലോ വിത്ത് വാങ്ങി. ഇതിൽനിന്ന്‌ 450 കിലോ വരെ വിളവ്‌ ലഭിക്കേണ്ടതാണ്‌. എന്നാൽ ഇത്തവണ 100 കിലോ കിഴങ്ങ് മാത്രമാണ് ലഭിച്ചത്. വിത്തിട്ടശേഷം മഴ ലഭിക്കാത്തതും വിളവെടുക്കാറായപ്പോൾ തുടർച്ചയായി കനത്തമഴയുണ്ടായതും വിളവ് കുറയുന്നതിന് കാരണമായെന്ന്‌ ഗോവിന്ദരാജ്‌ പറയുന്നു.  വിപണന സാധ്യത ഇല്ലാത്തതിനാൽ ഇടനിലക്കാർ വഴിയാണ്‌ വിൽപ്പന. ഇവർ 45 രൂപ വരെയാണ്‌ വില നൽകുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top