05 November Tuesday
ഏലക്ക വില 2500 അടുത്ത്: കര്‍ഷകര്‍ക്ക് പ്രയോജനമില്ല

പച്ച വെളിച്ചം

അജിന്‍ അപ്പുക്കുട്ടന്‍Updated: Tuesday Nov 5, 2024

കട്ടപ്പന വള്ളക്കടവിലെ ഏലത്തോട്ടം

കട്ടപ്പന
കൊടുംവരൾച്ചയും പിന്നീടുവന്ന കാലവർഷവും കർഷകർക്ക് ഏൽപ്പിച്ച ‘മുറിവ്’ ഉണങ്ങിയിട്ടില്ലെങ്കിലും ഏലക്ക വിലയിലെ നേരിയ വർധന പ്രതീക്ഷനൽകുന്നു. ഒരാഴ്ചയ്ക്കിടെ 100 രൂപയുടെ വർധനയുണ്ടായി. ഹൈറേഞ്ചിലെ കമ്പോളത്തിൽ 2300–2450 വരെ വില ലഭിക്കുന്നുണ്ട്. തിങ്കൾ രാവിലെ നടന്ന ശാന്തൻപാറ സിപിഎ ഏജൻസിയുടെ ഇ-–ലേലത്തിൽ ഉയർന്ന വില 2590 ഉം ശരാശരി 2336.87 രൂപയുമാണ്. 119 ലോട്ടുകളിലായി പതിഞ്ഞ 26,048 കിലോ ഏലക്കയിൽ 25,790 കിലോയും വിറ്റുപോയി. ഉച്ചകഴിഞ്ഞ് നടന്ന നെടുങ്കണ്ടം ഹെഡർ സിസ്റ്റംസിന്റെ ലേലത്തിൽ ഉയർന്ന വില 4000 ഉം ശരാശരി 2393.36 ഉം ആണ്. 162 ലോട്ടുകളിലായി വിൽപ്പനയ്‌ക്കെത്തിയ 38,288 കിലോ ഏലക്കയിൽ 37,388 കിലോയും വിറ്റുപോയി. ഏപ്രിൽ അവസാനത്തോടെ 2000 കടന്ന വില പിന്നീട് താഴേയ്ക്ക് പോയിട്ടില്ല. സ്‌പൈസസ് ബോർഡിന്റെ ഇ-–ലേലത്തിൽ 2459 രൂപ വരെ ശരാശരി വില ഉയർന്നു. വിലയിൽ നേരിയ ചാഞ്ചാട്ടമുണ്ടെങ്കിലും കുത്തനെ ഇടിവ് ഉണ്ടായിട്ടില്ല. എന്നാൽ വിലയിലെ മുന്നേറ്റം കർഷകർക്ക് പ്രയോജനപ്പെടില്ല. വരൾച്ചയെ തുടർന്നുണ്ടായ വൻകൃഷിനാശം ഉൽപാദനം ഗണ്യമായി കുറച്ചു. നാമാവശേഷമായിപ്പോയ തോട്ടങ്ങളും പുരയിടങ്ങളും നിരവധി.
വരൾച്ചയിൽ മാത്രം ജില്ലയിലെ 60 ശതമാനത്തേളം ഏലച്ചെടികൾ നശിച്ചിരുന്നു. 16,220 ഹെക്ടർ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. ഏലം മേഖലയിൽ മാത്രം 100 കോടിയിലേറെ നഷ്ടമുണ്ടായി. പിന്നീട് തോട്ടങ്ങളിലും പുരയിടങ്ങളിലും പുനഃകൃഷിയുടെ നാളുകളായിരുന്നു.
 
വിട്ടൊഴിയാതെ 
രോഗ, കീടബാധകൾ
ചെടിയുടെ ശരത്തേൽ കായപിടിത്തം നന്നേ കുറഞ്ഞിട്ടുണ്ട്. നിലവിലുള്ള കാലാവസ്ഥ കൂടുതൽ ചിമ്പുകൾ ഉണ്ടാകാൻ അനുകൂലമാണെങ്കിലും പകൽച്ചൂടും തുടർന്ന് അന്തരീക്ഷ ഊഷ്‌മാവ് വർധിക്കുന്നതും വെല്ലുവിളിയാണ്. ഇത് ഉൽപാദനം കുറയാൻ കാരണമാകും. കൂടാതെ ഒച്ച് ശല്യത്തിനും കുറവില്ല. ഏലച്ചെടിയുടെ ഒരുചുവട്ടിൽ മാത്രം നൂറുകണക്കിന് ഒച്ചുകളെയാണ് കണ്ടുവരുന്നത്. കൃഷിയിടങ്ങളിലെ ചവറുകൂനകളിൽ വൻതോതിൽ മുട്ടയിട്ട് പെരുകുന്നു. വിപണിയിൽ ലഭ്യമായ ഒച്ച് നാശിനിയായ മെറ്റാൽഡിഹൈഡ് ആണ് ഏക പ്രതിവിധി. ഇടവിട്ട് മഴ പെയ്യുന്നതിനാൽ ഊരൻ, ഫിസേറിയം, കൊത്തഴുകൽ തുടങ്ങിയ രോഗ, കീടബാധകളും ഏലച്ചെടികളെ പിടികൂടിയിട്ടുണ്ട്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top