05 December Thursday

ചേര്‍ത്തുപിടിക്കാൻ ഒപ്പമുണ്ട് സ്‍നേഹിത

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024
തൊടുപുഴ
ജില്ലയിൽ കുടുംബശ്രീയുടെ സ്‍നേഹിത പദ്ധതി യാത്ര തുടരുന്നു. അതിക്രമങ്ങൾക്കിരയാകുന്ന സ്‍ത്രീകളെയും കുട്ടികളെയും ചേർത്തുപിടിക്കുന്ന പദ്ധതി 10ാം വാർഷിക നിറവിലാണ്. 2015ലാണ് ജില്ലയിൽ സ്‍നേഹിത ജെൻഡർ ഹെൽപ്ഡെസ്‍ക് ആരംഭിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രം അക്രമത്തിന് ഇരകളാകുന്നതിൽനിന്ന് സ്‍ത്രീളെയും കുട്ടികളെയും സംരക്ഷിക്കാനും അഭയവും ആത്മവിശ്വാസവും നൽകി സമൂഹത്തിൽ സ്വാധീനം ചെലുത്താനും പ്രാപ്തരാക്കുന്നു. അഭയം, കൗൺസിലിങ്, നിയമസഹായം എന്നിവ നൽകുന്നുണ്ട്.
10 വർഷത്തിനിടെ ആകെ 3382 കേസുകൾ കൈകാര്യംചെയ്‍തു. ഇതിലൂടെ സ്‍ത്രീകളും കുട്ടികളുമടക്കം 436 പേർക്കാണ് താൽക്കാലിക അഭയമൊരുക്കിയത്. നേരിട്ടും ടെലിഫോണിലൂടെയും റിപ്പോർട്ട് ചെയ്‍തതാണ് ഇത്രയും കേസുകൾ. 810 ഗാർഹിക പീഡന കേസുകളുണ്ട്. ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് 330ഓളം കേസുകളിലും ഇടപെട്ടു. ഇക്കാലയളവിൽ 2159 പേർക്ക് കൗൺസിലിങ് നൽകി. 
സ്ഥിരം സന്നദ്ധർ
ജില്ലയിലെ ഓരോ പഞ്ചായത്തിലും സേവനം ഉറപ്പാക്കാൻ 30ഓളം കമ്യൂണിറ്റി കൗൺസിലർമാരും ആർപിമാരും പ്രവർത്തിക്കുന്നു. സേവനം ആവശ്യമായവർക്ക് ഇവരിലൂടെ സഹായവും മാനസിക പിന്തുണയും ലഭ്യമാക്കുന്നു. 10 മോഡൽ ജിആർസികളുണ്ട്. ഇവിടെ ആർപിമാരുടെ സേവനവുമുണ്ട്.  ‍‍സേവനം വാർഡ് തലത്തിൽ ഏകോപിപ്പിക്കാൻ ഓരോ വാർഡിലും അഞ്ചുമുതൽ 10അംഗങ്ങളെ ഉൾപ്പെടുത്തി വിജിലന്റ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. സഹായം   ആവശ്യമുള്ളവരുമായി നേരിട്ട് ഇടപെട്ട് പിന്തുണ നൽകുകയും കമ്യൂണിറ്റി കൗൺസിലർമാർ വഴി സ്നേഹിതയുമായി ബന്ധിപ്പിക്കുകയുംചെയ്യും. അയൽക്കൂട്ട തലത്തിൽ ആളുകളെ ജെൻഡർ പോയിന്റ് പേഴ്സണുകളായി തെരഞ്ഞെടുത്തിട്ടുണ്ട്. രണ്ട് കൗൺസിലർമാർ, അഞ്ച് സേവനദാതാക്കൾ, രണ്ട് സെക്യൂരിറ്റി, ഒന്നുവീതം കെയർടേക്കറും ഓഫീസ് അസിസ്‍റ്റന്റുമടക്കം 11പേരാണ് സ്‍നേഹതയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ ഏകോപിപ്പിക്കുന്നത്.
കോളിങ് ബെൽ
ഒറ്റയ്‍ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്കും കുടുംബത്തിന്റെ പിന്തുണയില്ലാത്തവർക്കും സംരക്ഷണവും സൗഹൃദവും നൽകാൻ ലക്ഷ്യമിട്ടാണ് സ്നേഹിത കോളിങ് ബെൽ പദ്ധതി തുടങ്ങിയത്. ജില്ലയിൽ 3190 പേരാണ് പദ്ധതിയുടെ പിന്തുണ സ്വീകരിക്കുന്നത്. ഇവരുമായി ആഴത്തിൽ ബന്ധം സ്ഥാപിച്ച്‌ ഭവന സന്ദർശനങ്ങളിലൂടെ ആവശ്യങ്ങളും സഹായങ്ങളും നിർണയിക്കാൻ പഠനം നടത്തുകയാണ്. ആരോഗ്യ സന്നദ്ധപ്രവർത്തകരോ എൻഎച്ച്ജി അംഗങ്ങളോ ഗുണഭോക്താക്കളെ ആഴ്‍ചതോറും സന്ദർശിച്ച് സുരക്ഷിതരാക്കും. “പകൽവീട്” വഴിയുള്ള സൗഹൃദവും ഇവർക്കുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top