ശാന്തൻപാറ
കാലാവസ്ഥയ്‌ക്കനുസരിച്ച് മണ്ണറിഞ്ഞ് വാഴക്കൃഷിചെയ്യാനൊരുങ്ങുകയാണ് ജില്ലയിലെ പുതുതലമുറ പരിപാലനത്തിൽ അൽപ്പം ശ്രദ്ധിച്ചാൽ ലാഭകരമാക്കാമെന്നാണ് ശാന്തൻപാറ കൃഷി വിജ്ഞാനകേന്ദ്രത്തിലെ വിദഗ്‌ധരും പറയുന്നു. ആഗസ്‌ത് മാസം വാഴ നടാൻ അനുയോജ്യമാണ്. മഴയിൽ മണ്ണിന് അമ്ലസ്വഭാവം കൂടുതലാണ്. വാഴയ്ക്ക് കുഴിയെടുത്ത് കഴിയുമ്പോൾ തന്നെ 500 ഗ്രാം കുമ്മായം/ഡോളമൈറ്റ് ചേർത്ത് കൊടുക്കുന്നത് അമ്ലത്വം കുറയ്‌ക്കും. പൊട്ടാസ്യത്തിന്റെ ആവശ്യകത കൂടുതലുള്ള വിളയാണ് വാഴ. അമ്ലഗുണ സ്വഭാവമുള്ള മണ്ണിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, സിങ്ക്, ബോറോൺ എന്നീ പോഷകങ്ങളുടെ അഭാവമാണ്. വാഴകളുടെ വളർച്ചയെ ബാധിക്കും.ഒരു കുഴിയിൽ 10 കിലോഗ്രാം ജൈവവളം ചേർത്ത് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മഞ്ജു ജിൻസി വർഗീസ്(സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്‌റ്റ് (സോയിൽ സയൻസ്) പറയുന്നു.
ബനാന സ്പെഷ്യൽ
ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടികൾച്ചർ റിസേർച്ച് വികസിപ്പിച്ചെടുത്ത സൂക്ഷ്മ മൂലകമിശ്രിതമായ ബനാന സ്പെഷ്യൽ അഞ്ച് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വാഴനട്ട് അഞ്ച് മുതൽ എട്ടുവരെ ഓരോ മാസം ഇടവിട്ട് തളിച്ച് കൊടുക്കുന്നത് നന്നായിരിക്കും.
കേരള കാർഷിക സർവകലാശാലയുടെ മൂലക മിശ്രിതങ്ങളായ ‘അയർ സമ്പൂർണ ’എന്നിവ മൂലക അപര്യാപ്തത മൂലമുള്ള പല പ്രശ്നങ്ങളേയും മറികടക്കാൻ സഹായിക്കും. അയർ 100 ഗ്രാം വീതം രണ്ടാം മാസവും, നാലാംമാസവും മണ്ണിൽ ചേർത്ത് കൊടുക്കാം. കാൽസ്യം, മഗ്നീഷ്യം, സിങ്ക്(നാകം) എന്നീ മൂലകങ്ങളാണ് അയറിൽ അടങ്ങിയത്. സമ്പൂർണ എന്ന സുക്ഷ്മമൂലക മിശ്രിതം 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ട്‌മാസം ഇടവിട്ട് നാലുതവണ തളിച്ച് കൊടുക്കുന്നത് സൂക്ഷ്മമൂലകങ്ങളായ സിങ്ക്(നാകം), ബോറോൺ, ചെമ്പ്, മാംഗനീസ്, മോളിബ്ഡിനം എന്നിവയുടെ കുറവ് പരിഹരിക്കും.
കീടബാധകൾ
പൊട്ടാസ്യത്തിന്റെ കുറവ് വാഴകളിൽകീടരോഗബാധ, ചാഞ്ഞുവീഴൽ എന്നിവയ്ക്ക് കാരണമാകും. രോഗലക്ഷണം മൂത്ത ഇലകളിൽ മഞ്ഞളിപ്പ് അരികുകളിൽനിന്ന് തുടങ്ങി അകത്തേക്ക് വ്യാപിക്കും. വാഴ കൈ ഒടിഞ്ഞ് പോകും.
കാൽസ്യത്തിന്റെ അഭാവമാണ് തളിരിലകൾ ചെറുതാകാനും മൂപ്പെത്തിയ ഇലകളിൽ ചുരുളിച്ച പ്രത്യക്ഷപ്പെടാനും ഇടയാക്കുന്നത്. മണ്ണുപരിശോധിച്ച് കുമ്മായവും ചേർത്ത് കൊടുക്കണം.
മഗ്നീഷ്യത്തിന്റെ അഭാവം മൂപ്പെത്തിയ ഇലകളുടെ അരികിൽനിന്ന് മഞ്ഞളിപ്പ് കാണപ്പെടും. കായ നന്നായി പഴുക്കാതെയും രുചി കുറഞ്ഞുമിരിക്കും. ബോറോണിന്റെ അഭാവം വാഴയുടെ കൂമ്പില വിരിയാൻ താമസിക്കുകയും വെള്ളത്തിരിയായി നിൽക്കും. ഇലയുടെ അറ്റം തവിട്ടുനിറമായി കരിഞ്ഞ് ഒടിഞ്ഞുപോകും. ഇലകൾ ചുരുണ്ട് വികൃതമായി വളർച്ചനിലയ്‌ക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..