ഇടുക്കി
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മലനാട്ടിലെ യുവതയുടെ ഒത്തുചേരൽ വൻ വിജയമായി. വീട് വച്ച് നൽകുന്നതിന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത റീബിൾഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി 4500748 രൂപയാണ് സമാഹരിച്ചു നൽകിയത്. ചെറുതോണിയിൽ നടന്ന പരിപാടിയിൽ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു തുക ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് എസ് സുധീഷ്, സെക്രട്ടറി രമേഷ് കൃഷ്ണൻ,സംസ്ഥാന കമ്മിറ്റിഅംഗം ബി അനൂപ് എന്നിവർ ചേർന്ന് തുക കെെമാറി.
ജില്ലയിലെ 1300 യൂണിറ്റുകളും 160 മേഖല കമ്മിറ്റികളുടേയും 15 ബ്ലോക്ക് കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഒരു മാസം നടത്തിയ മാതൃകാപരമായും ശ്രമകരമായുമുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ തുക കണ്ടെത്തിയത്.
ആക്രി പെറുക്കൽ, ചക്കയിട്ട് വിൽപ്പന, കോൺക്രീറ്റ് ജോലി,മണൽ ചുമട്ട് എന്നിവയിലൂടെയും മീൻ കട , ലോട്ടറി കട, ചായക്കട എന്നിവ ഏറ്റെടുത്ത് നടത്തിയും ബിരിയാണി, ഹൽവ എന്നിവ വിൽപ്പന നടത്തിയുമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പണം കണ്ടെത്തിയത്. ഡിവൈഎഫ്ഐ യുടെ ഉദ്യമത്തിന് ജില്ലയിലാകെ നല്ലപിന്തുണ ലഭിച്ചു. കുട്ടികൾ കുടുക്കകളും, സൈക്കിളും നൽകി കൈയ്യിൽ കിടന്ന സ്വർണ്ണ മോതിരം ഊരി നൽകിയും, കല്യാണം പിറന്നാൾ ആഘോഷങ്ങൾ മാറ്റിവച്ച് പണം നൽകിയും ജനങ്ങളാകെ ഈ ക്യാമ്പയിൻ ഏറ്റെടുത്തു. ചടങ്ങിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ, ജില്ലാ കമ്മിറ്റിഅംഗങ്ങൾ, ബ്ലോക്ക് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..