06 October Sunday
3016 ഗുണഭോക്താക്കൾക്ക് ആശ്വാസം

സഞ്ചരിക്കുന്ന റേഷൻകടകൾ നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024
ഇടുക്കി
ജില്ലയിലെ തോട്ടം,ആദിവാസി മേഖലകൾക്ക് ആശ്വാസം പകർന്ന് സഞ്ചരിക്കുന്ന റേഷൻകടകൾ പ്രവർത്തനം ആരംഭിച്ചു. എംഎൽഎ മാരായ എം എം മണി, അഡ്വ. എ രാജ എന്നിവരുടെ അഭ്യർഥനയെത്തുടർന്നാണ് ഉടുമ്പൻചോലയിലും ദേവികുളത്തും സഞ്ചരിക്കുന്ന റേഷൻകടകൾ അനുവദിച്ചത്. മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. 3016 ഗുണഭോക്താക്കൾക്കാണ് പുതിയ റേഷൻകടകളുടെ പ്രയോജനം ലഭിക്കുക. തോട്ടം, ആദിവാസി മേഖലയിലുള്ളവർക്ക് റേഷനായി വെള്ളയരി എത്തിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
അർഹരായവർക്ക് റേഷൻ ഉറപ്പാക്കുന്നതിന് എഎവൈ, മുൻഗണന കാർഡ് ഉടമകൾ മസ്റ്ററിങ് ചെയ്യണമെന്നും മന്ത്രി അഭ്യർഥിച്ചു.
ഉടുമ്പൻചോല താലൂക്കിൽ ശാന്തൻപാറ പഞ്ചായത്തിലെ ആടുവിളന്താൻകുടി, ശങ്കരപാണ്ഡ്യൻമെട്ട് ,ദേവികുളം താലൂക്കിൽ നല്ലതണ്ണി, കടലാർ, നയമക്കാട് പ്രദേശങ്ങളിലേക്കുമാണ് പുതുതായി സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിച്ചിട്ടുള്ളത്. ഉടുമ്പൻചോല താലൂക്കിലെ എഫ്പിഎസ് -17,26 എന്നീ റേഷൻ കടകളിൽ 127 എഎവെെ കാർഡുകളിലായി (മഞ്ഞ കാർ‍ഡ്) ഉൾപ്പെട്ട 462 ഗുണഭോക്താക്കളും 515 മുൻഗണനാവിഭാഗം കാർഡുകളിലായി(പിങ്ക് കാർഡ്) 1725 ഗുണഭോക്താക്കളുമുണ്ട്
ദേവികുളം താലൂക്കിലെ എഫ്പിഎസ് -44,45,46 എന്നീ കടകളിൽ  41 എഎവെെ കാർഡുകളിലായി(മഞ്ഞ കാർ‍ഡ്) 136 ഗുണഭോക്താക്കളും 693 മുൻഗണനാവിഭാഗം കാർഡുകളിലായി(പിങ്ക് കാർഡ്) 2386 ഗുണഭോക്താക്കളാണുള്ളത്.
എ എ വെെ കാർഡൊന്നിന്  30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പ് അല്ലെങ്കിൽ ആട്ട  ലഭിക്കും. മുൻഗണനാവിഭാഗം കാർഡിൽ ഒരംഗത്തിന് നാല് കിലോ അരിയും ഒരുകിലോ ഗോതമ്പ് അല്ലെങ്കിൽ ആട്ട ലഭിക്കും.
പന്നിയാർ എസ്റ്റേറ്റിൽ നടന്ന പരിപാടിയിൽ എം എം മണി എംഎൽഎ അധ്യക്ഷനായി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജിഷാ ദിലീപ്, ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ്  ലിജു വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം എൻ ആർ ജയൻ, ജില്ലാ സപ്ലെെ ഓഫീസർ ബൈജു കെ ബാലൻ  വിവിധ ജന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 
 ദേവികുളം നയമക്കാട് നടന്ന ചടങ്ങിൽ അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനായി. മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ്  ദീപ രാജ്കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. എം ഭൗവ്യ, ബ്ലോക്ക് പഞ്ചായത്തംഗം പി ജയലക്ഷ്മി, കെ എം ഖാദർ കുഞ്ഞ്, ദേവികുളം സപ്ലെെ  ഓഫീസർ ആർ സഞ്ജയ്നാഥ് എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ  എന്നിവർ പങ്കെടുത്തു. ജില്ലയിലെ തോട്ടം,ആദിവാസി മേഖലകൾക്ക് ആശ്വാസം പകർന്ന് സഞ്ചരിക്കുന്ന റേഷൻകടകൾ പ്രവർത്തനം ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top