നെടുങ്കണ്ടം
കിടപ്പുരോഗിയായ വയോധികയെ ആശുപത്രിയിലെത്തിച്ച് നെടുങ്കണ്ടം പൊലീസ്. പാമ്പാടുംപാറ താന്നിമൂട് സ്വദേശി തങ്കമ്മയെ(65) ആണ് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സഹായത്തോടെ ആശുപത്രിയിലെത്തിച്ചത്. വൃക്കരോഗിയായ തങ്കമ്മ പൂർണമായും കിടപ്പിലായിരുന്നു. എഴുപത്തഞ്ചുകാരനായ ഭർത്താവ് കരുണാകരനാണ് പരിചരിക്കാനുള്ളത്. ഇവർക്ക് മൂന്ന് മക്കളാണ്. ഇവർ വീട്ടിലെത്തി അമ്മയെ പരിചരിക്കാറുണ്ടെങ്കിലും പഞ്ചായത്തംഗം മിനി മനോജിന്റെ നിർദേശത്തെ തുടർന്ന് കൂടുതൽ കരുതലിനായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നടപ്പുവഴി മാത്രമുള്ള 700 മീറ്ററോളം ചെങ്കുത്തിറങ്ങി വേണം വീട്ടിലെത്താൻ. അതിനാൽ പൊലീസിന്റെ സഹായം തേടുകയായിരുന്നു. നെടുങ്കണ്ടം എസ്ഐ ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി തങ്കമ്മയെ ചുമന്ന് റോഡിലെത്തിച്ചു. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കുശേഷം കട്ടപ്പന പ്രതീക്ഷ ഭവനിലേക്ക് വായോധികയെ മാറ്റും. എസ്ഐ കെ കെ സജീവൻ, സിപിഒമാരായ രഞ്ജു, ശരത്, പ്രവീൺ, അൻഷാജ്, ഹരിപ്രിയ, പ്രബീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..