തൊടുപുഴ
വിലക്കുറവിന്റെ ഓണമൊരുക്കാൻ സർക്കാർ സംവിധാനങ്ങൾ തയാർ. സപ്ലൈകോ, കൺസ്യൂമർഫെഡ്, കുടുംബശ്രീ ഓണച്ചന്തകൾ പഞ്ഞമില്ലാതെ ഓണമുണ്ണാൻ അവസരമൊരുക്കുകയാണ്. സപ്ലൈകോ ജില്ലാ ഫെയർ തൊടുപുഴ ഗാന്ധി സ്‍ക്വയറിൽ ആരംഭിച്ചു. ഇതിനുപുറമേ നിയോജക മണ്ഡലാടിസ്ഥാനത്തിലും ഓണച്ചന്തകളുണ്ട്. 14വരെയാണ് പ്രവർത്തിക്കുക. ചെറുപയർ, ഉഴുന്ന്, വൻപയർ, കടല, തുവരപ്പരിപ്പ്, മല്ലി, മുളക്(500 ഗ്രാംവീതം), പഞ്ചസാര, വെളിച്ചെണ്ണ(ഒരു ലിറ്റർ), ജയ അരി, മട്ട അരി, പച്ചരി, കുറുവ എന്നീ 13 ഇനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭിക്കും. 1203 രൂപയുടെ സാധനങ്ങളാണ് 775 രൂപയ്‍ക്ക് ലഭിക്കുക. സബ്‍സിഡി ഇതര സാധനങ്ങൾക്ക് അഞ്ചുമുതൽ 50 ശതമാനം വരെ വിലക്കുറവുണ്ടാകും. പകൽ രണ്ടുമുതൽ നാലുവരെയുള്ള സമയത്ത് വാങ്ങിയാൽ 45 ശതമാനംവരെ അധിക ഡിസ്‍കൗണ്ടും ലഭിക്കും. ഹോർട്ടികോർപ്, കുടുംബശ്രീ, മിൽമ ഉൽപ്പന്നങ്ങളും വിൽപ്പനയ്‌ക്കുണ്ടാകും. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്‍തു. തൊടുപുഴ നഗരസഭ വൈസ് ചെയർപേഴ്‍സൺ ജെസ്സി ആന്റണി അധ്യക്ഷയായി. കൗൺസിലർ മുഹമ്മദ് അഫ്‍സൽ ആദ്യവിൽപ്പന നടത്തി.
കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ഞായറാഴ്‍ച തുടങ്ങും. 14 വരെയാണ് പ്രവർത്തനം. ഏഴ് ത്രിവേണി സ്റ്റോറുകളിലും 63 സഹകരണ സംഘങ്ങളിലുമാണ് ചന്തകൾ നടത്തുക. എല്ലാ നിത്യോപയോഗ സാധനങ്ങളും സബ്‍സിഡി നിരക്കിലും മറ്റുള്ളവ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും ലഭിക്കും. സബ്‌സിഡി നിരക്കിൽ 13 ഇനങ്ങൾ കിട്ടും. ജയ അരി, കുറുവ അരി, കുത്തരി എന്നിവ ചേർത്ത് എട്ട് കിലോയും പച്ചരി രണ്ടുകിലോയും ലഭിക്കും. പഞ്ചസാര, ചെറുപയർ, വൻകടല, ഉഴുന്ന്, വൻപയർ, തുവര പരിപ്പ്(ഒരു കിലോ വീതം), മുളക്, മല്ലി (അര കിലോവീതം), വെളിച്ചെണ്ണ –- 500 മില്ലി ലിറ്റർ എന്നിവയാണ് ഒരുകാർഡിന് നൽകുക. നെടുങ്കണ്ടം സഹകരണ ബാങ്കിലാണ് ജില്ലാമേള. ഞായർ വൈകിട്ട് അഞ്ചിന് എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..