കുമളി
തിരുവതാംകൂറിന്റെ ചരിത്രം പറയാൻ ഇനി രാജഭരണകാലത്ത് നിർമിച്ച ആശുപത്രി കെട്ടിടമില്ല. കുമളി പട്ടണത്തിൽ ടൂറിസം ഓഫീസിന് സമീപമുണ്ടായിരുന്ന കെട്ടിടത്തിന്റെ ശേഷിപ്പും പൊളിച്ചുനീക്കി. ഒട്ടേറെ വികസനത്തിനും മാറ്റങ്ങൾക്കും മൂകസാക്ഷിയായ കെട്ടിടമാണ് ഓർമായത്. 1940ന് മുമ്പാണ് നിലവിലെ കുമളി വില്ലേജ് ഓഫീസിന് പിന്നിലായി ഓടുമേഞ്ഞ കെട്ടിടം നിർമിക്കുന്നത്. അക്കാലത്ത് ആനകളുടെയും മറ്റ് കാട്ടുമൃഗങ്ങളുടെയും വിഹാരകേന്ദ്രമായിരുന്നു കുമളി, ജനവാസം കുറവ്. തമിഴ്‍നാട്ടിലേക്കും കേരളത്തിലേക്കും പോകുന്നവരുടെ പ്രധാന ഇടത്താവളം. ഒരു കമ്പൗണ്ടറുടെ നേതൃത്വത്തിലായിരുന്നു രോഗികളെ പരിചരിച്ചിരുന്നത്. ഇരുഭാഗത്തും കരിങ്കല്ലുകൾ അടുക്കി മധ്യത്തിൽ ചെളിനിറച്ചാണ് കെട്ടിടത്തിന്റെ ഭിത്തി നിർമിച്ചത്. പഴയ ആശുപത്രി പിന്നീട് ഇവിടെനിന്നും മാറ്റുകയായിരുന്നു. കെട്ടിടത്തിൽ തിരുവതാംകൂറിന്റെ ശംഖുമദ്രയും പതിച്ചിരുന്നു.
ഓർമയിലേക്ക്
കുമളി പൊലീസ് സ്‌റ്റേഷൻ നിർമാണഘട്ടത്തിൽ ഏതാനുംമാസം സ്റ്റേഷൻ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു. പിഡബ്ല്യുഡി റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ഓഫീസായും ഇലക്ഷൻ പോളിങ് ബൂത്തായും പ്രവർത്തിച്ചു. കാൽ നൂറ്റാണ്ടായി കെട്ടിടത്തിൽ ഓഫീസുകളൊന്നും പ്രവർത്തിച്ചില്ല. 15വർഷം മുമ്പ് കെട്ടിടത്തിന് തകർച്ച നേരിടാൻ തുടങ്ങി. സംരക്ഷണ ചുമതലയില്ലാതെയും അറ്റകുറ്റപ്പണി നടത്താതെയും കാലക്രമേണ നാശത്തിലേക്ക് പോയി.
ആദ്യം മേൽക്കൂര തകർന്നു. പിന്നാലെ ഭിത്തികളും തകർന്നുവീണു. വാതിലും ജനലും മോഷ്‌ടിച്ചുകടത്തി. മേൽക്കൂരയുടെ കുറേ ഭാഗങ്ങളും ഇത്തരത്തിൽ നഷ്‌ടപ്പെട്ടു. ഭിത്തിപൊളിച്ച് കരിങ്കല്ലുകളും കൊണ്ടുപോയി. മേൽക്കൂര ജീർണാവസ്ഥയിലാകുന്നതുവരെ രാത്രികളിൽ സാമൂഹ്യവിരുദ്ധരുടെ താവളവുമായിരുന്നു.
റെസ്‍ക്യൂ ഷെൽട്ടർ ഉയരും
റവന്യു വകുപ്പിന്റെ അരയേക്കറോളം സ്ഥലത്ത് റവന്യു ടവർ നിർമാണത്തിനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും ഉപേക്ഷിച്ചു. ഇപ്പോൾ 5,000 ചതുരശ്രയടിയിൽ റെസ്‍ക്യൂ ഷെൽട്ടറും 1,200 ചതുരശ്രയടിയിൽ സ്‍മാർട്ട് വില്ലേജ് ഓഫീസും നിർമിക്കാൻ മണ്ണൊരുക്കിയിരിക്കുകയാണ്. ടെൻഡർ പൂർത്തിയായി നിർമാണ ജോലികൾ ആരംഭിച്ചിട്ടുണ്ട്. പിഡബ്ല്യുഡിയും നിർമിതികേന്ദ്രവുമാണ് രണ്ട് കെട്ടിടങ്ങളും നിർമിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..