22 December Sunday
മാലിന്യ മുക്തം നവകേരളം’ ജനകീയ ക്യാമ്പയിൻ

ജില്ലയിലെ 30 ശതമാനം സ്‍കൂളുകളും ഹരിതം

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024
തൊടുപുഴ
‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിൻ ജില്ലയിൽ രണ്ടാംഘട്ടത്തിലേക്ക് കടന്നു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തെ 50 ശതമാനം വീതം സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, 10 ശതമാനം വീതം അയൽക്കൂട്ടങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഹരിതവൽക്കരിക്കുകയായിരുന്നു ലക്ഷ്യം. 
ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 30 ശതമാനം സ്‍കൂളുകളും ഹരിതമായി പ്രഖ്യാപിച്ചു. ആകെയുള്ള 559 വിദ്യാലയങ്ങളിൽ 181 എണ്ണമാണ് കേരളപ്പിറവി ദിനത്തിൽ ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്. ജില്ലയിലെ 69 കോളേജുകളിൽ 23 എണ്ണത്തിന് ഹരിത ക്യാമ്പസ് പദവി ലഭിച്ചു. ആകെയുള്ളതിന്റെ 33 ശതമാനമാണിത്. 12,000 അയൽക്കൂട്ടങ്ങളിൽ 1537 എണ്ണം ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിക്കാൻ തയാറായിരുന്നു. 11 തദ്ദേശ സ്ഥാപനങ്ങളിൽ പ്രഖ്യാപന പരിപാടികൾ നടക്കാത്തതിനാൽ 1191 അയൽക്കൂട്ടങ്ങളെയാണ് ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിച്ചത്. ആകെയുള്ളതിന്റെ ഒമ്പത് ശതമാനം. അടുത്ത ആഴ്‍ചയോടെ ബാക്കി 346 അയൽക്കൂട്ടങ്ങളുടെയും ഹരിത പ്രഖ്യാപനം ഉണ്ടാകും. കമ്പിളികണ്ടം, വഴിത്തല, ഉപ്പുകുന്ന് തുടങ്ങി 34 പട്ടണങ്ങൾ ഹരിതമായി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ബോർഡുകൾ വരും ദിവസങ്ങളിൽ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. ആകെ 4149 സ്ഥാപനങ്ങളിൽ 528 എണ്ണമാണ് ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്. 12 ശതമാനം. മൂന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളും ഹരിത കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. ഇടക്കി ഹിൽവ്യൂ പാർക്ക്, കാൽവരിമൗണ്ട്, ഇടുക്കി പാർക്ക് എന്നിവയാണിവ. ഈ മാസം ആറ് കേന്ദ്രങ്ങളെക്കൂടി ഹരിതമായി പ്രഖ്യാപിക്കും. ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ പ്രഖ്യാപനം ജില്ലാതലത്തിൽ കൊന്നത്തടി കമ്പിളികണ്ടത്ത് മന്ത്രി റോഷി അ​ഗസ്റ്റിനാണ് ഉദ്ഘാടനംചെയ്‍തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top