മൂന്നാർ
മരണമില്ലാത്ത ഓർമകളുടെ നാല് പതിറ്റാണ്ട്, നാടിനെ നടുക്കിയ ദുരന്തത്തിന്റെ കണ്ണീരോർമയിൽനിന്ന് കരകയറാത്തവർ ഏറെ. ബന്ധുക്കള്‍ക്ക് ഇന്നും വിശ്വസിക്കാനായിട്ടില്ല, തങ്ങളുടെ പ്രിയപ്പെട്ട കുട്ടികള്‍ വിടവാങ്ങിയിട്ട് വര്‍ഷങ്ങളിത്ര കഴിഞ്ഞെന്ന്. ഓരോ ആണ്ടറുതികളിലും കുരുന്നുകളുടെ സ്‍മാരകത്തില്‍ അവരെത്തും. അണിയാൻ ബാക്കിയാക്കിയ വളകളുമായി, കഴിക്കാൻ ബാക്കിയാക്കിയ മിഠായികളുമായി.
ഹെലികോപ്‍ടര്‍ കാണാനുള്ള ഓട്ടത്തിനിടെ പാലം തകര്‍ന്ന് 14 വിദ്യാര്‍ഥികള്‍ മരിച്ച ദുരന്തത്തിന് 40 വര്‍ഷം. 1984 നവംബര്‍ ഏഴിനാണ് ഇന്നും നാടിന്റെ നൊമ്പരമായ സംഭവമുണ്ടായത്. മൂന്നാര്‍ ഹൈറേഞ്ച് ക്ലബ് മൈതാനിയില്‍ ഇറങ്ങിയ ഹെലികോപ്ടര്‍ കാണാനുള്ള ആവേശത്തില്‍ ഗവ. ഹൈസ്‍കൂളിലെ കുട്ടികളാണ് പാലം തകർന്ന് മുതിരപ്പുഴയാറിലേക്ക് വീണത്. പകൽ 10.30ഓടെയായിരുന്നു ദുരന്തം. ഹെലികോപ്ടർ വട്ടമിട്ട് പറക്കുന്ന ശബ്ദംകേട്ട് യുപി വിഭാഗത്തിലെ കുട്ടികൾ ക്ലാസ് മുറികളിൽനിന്ന് ഇറങ്ങിയോടി. പഴയ മൂന്നാറിനെ ഹൈറേഞ്ച് ക്ലബ്ബുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലേക്കാണ് കുട്ടികളെത്തിയത്. ഗേറ്റ് അടഞ്ഞുകിടന്നതിനാൽ മുന്നിൽ പോയവര്‍ക്ക് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാനായില്ല. ഇതറിയാതെ പിന്നിൽനിന്ന് കുട്ടികൾ വന്നുകൊണ്ടിരുന്നു. ഭാരം താങ്ങാനാകാതെ പാലത്തിന്റെ ഒരുഭാഗം തകർന്നു. കുട്ടികൾ പുഴയിലേക്ക് വീണു. നിലവിളികേട്ട് ഓടിയെത്തിയവർ നിരവധി കുട്ടികളെ രക്ഷിച്ചു. 14പേരെ രക്ഷിക്കാനായില്ല.
1942ൽ ബ്രിട്ടിഷുകാർ നിർമിച്ചതായിരുന്നു തൂക്കുപാലം. പിന്നീട് പുതുക്കി പണിതെങ്കിലും 2018ലെ പ്രളയത്തിൽ വീണ്ടും തകർന്നു. മൂന്നാർ ഗവ. വിഎച്ച്എസ്എസ് പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ദുരന്തമുണ്ടായ സ്ഥലത്തെ സ്‍മാരകത്തിൽ പുഷ്‍പാർച്ചന നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..