തൊടുപുഴ
വ്യവസായ ആവശ്യങ്ങൾക്ക് ഭൂമിയുടെ ദൗർലഭ്യം പരിഹരിക്കാനും വിദ്യാർഥികളിൽ സംരംഭകത്വ കഴിവുകൾ പ്രോത്സാഹിപ്പിക്കാനുമുള്ള ക്യാമ്പസ് ഇൻഡസ്‍ട്രിയൽ പാർക്കുകൾ ജില്ലയിലും ഒരുങ്ങും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധീനതയിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി വ്യവസായ വികസനത്തിന് ഉപയോഗിക്കുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാർ ആവിഷ്‍കരിച്ച പദ്ധതി രാജ്യത്ത് ആദ്യമാണ്. ക്യാംപസുകളുടെ അക്കാദമിക മികവും വിഭവശേഷിയും ഉപയോഗിച്ച് നിലവിൽ വരുന്ന പാർക്കുകൾ വിപ്ലവകരമായ ചുവടുവയ്‍പ്പാണ്. മലിനീകരണം കുറഞ്ഞ വ്യവസായങ്ങൾ വേണം ആരംഭിക്കാൻ.
ജില്ലയിൽ എട്ട് കോളേജുകൾ ഇതിനകം പദ്ധതിയുമായി സഹകരിക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് അധികൃതർ പറഞ്ഞു. മുട്ടം യൂണിവേഴ്‍സിറ്റി കോളേജ് ഓഫ് എൻജിനിയറിങ്, അൽ അസ്‍ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പെരുമ്പിള്ളിച്ചിറ, തൊടുപുഴ ന്യൂമാൻ കോളേജ്, മൂലമറ്റം സെന്റ് ജോസഫ്‍സ് കോളേജ്, കുട്ടിക്കാനം മരിയൻ കോളേജ്, ഡിസി കോളേജ് പുള്ളിക്കാനം, നെടുങ്കണ്ടം പോളി ടെക്‍നിക് കോളേജ്, ക്രൈസ്‍റ്റ് കോളേജ് പുളിയന്മല എന്നീ സ്ഥാപനങ്ങളാണിവ.
അഞ്ച് ഏക്കറെങ്കിലും അധികഭൂമിയുള്ള സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ ഭാഗമാകാനാകുക. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ എൻഒസി വാങ്ങിയശേഷം ഓൺലൈനായി (www.cip.industry.kerala.gov.in) അപേക്ഷിക്കാം. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് സ്ഥലം വ്യവസായത്തിന് യോജിച്ചതാണെങ്കിൽ അംഗീകരിക്കും. സ്ഥാപനം തന്നെയാണ് സ്ഥലം വികസിപ്പിക്കേണ്ടത്. മറ്റ് കമ്പനികൾക്ക് നൽകുകയോ കോളേജുകൾക്ക് സ്വന്തമായോ വ്യവസായം ആരംഭിക്കാം. വിദ്യാർഥികളുടെ ഗവേഷണങ്ങൾ ഉൽപ്പന്നങ്ങളാക്കിമാറ്റാനുള്ള സംരംഭങ്ങളും തുടങ്ങാം. ചെലവഴിക്കുന്ന തുക അടിസ്ഥാന സൗകര്യവികസനം പൂർത്തിയാകുന്ന മുറയ്‍ക്ക് സർക്കാർ നൽകും (പരമാവധി 1.5 കോടി രൂപ). രണ്ടേക്കറുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്‌ടറിയായി നിർമിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..