ചെറുതോണി -
സ്വതന്ത്ര ഇന്ത്യയുടെ കാലംമുതൽ സ്വീകരിച്ചു വരുന്ന വിദേശ നിലപാടിൽ ഉറച്ചുനിന്ന് ഇസ്രയേലിനോട് യുദ്ധവെറി അവസാനിപ്പിക്കാൻ ആഹ്വാനംചെയ്യുകയും ലോകസമാധാനത്തിനായി മുൻകൈയെടുക്കാനും രാജ്യം മുന്നോട്ടുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ. ചെറുതോണിയിൽ സിപിഐ എം നടത്തിയ യുദ്ധവിരുദ്ധ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്രയേൽ പലസ്‍തീനിൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണം. ലബനനിലും ഇറാനിലും ഇസ്രയേൽ യുദ്ധഭീഷണി നിലനിൽക്കുകയാണ്. അമേരിക്കൻ സാമ്രാജ്യത്വം പിന്തുണയ്‍ക്കുന്ന യുദ്ധത്തിൽ ഇരുപക്ഷത്തും ആളുകൾ ചേർന്നാൽ വീണ്ടുമൊരു ലോകമഹായുദ്ധം ഉണ്ടായേക്കാം. 1966ൽ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ദ്വിരാഷ്ട്ര കരാർ ഇസ്രയേല്‍ പാലിക്കണം. ഇതുപ്രകാരം പലസ്‍തീന് അനുവദിക്കപ്പെട്ട ഭൂമി വിട്ടുനൽകണം. റഷ്യ–ഉക്രൈൻ യുദ്ധത്തിന് പിന്നിലും അമേരിക്കയാണ്. തങ്ങളുടെ യുദ്ധോപകരണങ്ങൾ വിറ്റഴിക്കുക എന്നതാണ് അമേരിക്കൻ തന്ത്രം. ഇതിനായി അതിർത്തി തർക്കങ്ങളും ഭീകരവാദങ്ങളും ഉള്ളിടത്തെല്ലാം ഒരുവശത്ത് ഒപ്പംചേർന്ന് യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ്. 91,600 കോടി ഡോളറാണ് യുദ്ധോപകരണ നിർമാണത്തിനായി അമേരിക്ക മാറ്റിവയ്‌ക്കുന്നത്. മറ്റ് രാജ്യങ്ങൾ പ്രതിരോധ മേഖലയ്‍ക്ക് മാറ്റിവയ്‍ക്കുന്നതിന്റെ ആകെതുകയുടെ 40ശതമാനമാണിത്. ഇന്ത്യ വസ്‍തുതകൾ തിരിച്ചറിഞ്ഞ് യുദ്ധം അവസാനിപ്പിക്കാൻ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ് അധ്യക്ഷനായി. എം വി ബേബി, കെ ജി സത്യൻ, ലിസ്സി ജോസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..