കട്ടപ്പന
സർവതലമാറ്റങ്ങൾ സ്വന്തം ജീവിതത്തിലറിഞ്ഞ കേരള ജനത വീണ്ടും എൽഡിഎഫിനെ അധികാരത്തിലേറ്റുമെന്ന ഭയംകൊണ്ടാണ് കോൺഗ്രസ്സും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇരുവർഗീയതയെയും കൂട്ടുപിടിച്ച് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ അതിനീചമായ പ്രചാരണം നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. കട്ടപ്പന ഏരിയ സമ്മേളന സമാപന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഇതിന് ഇടതുപക്ഷ വിരുദ്ധ ശക്തികളുടെയും വലത് മാധ്യമങ്ങളുടെയാകെയും പിന്തുണയുണ്ട്.
കോൺഗ്രസ് ആർഎസ്എസ് കൂട്ടുകെട്ട് രാജ്യത്തും സംസ്ഥാനത്തും സ്വാതന്ത്രാനന്തര ഘട്ടം മുതലുള്ളതാണ്. സമുന്നതരും ജനകീയരുമായ കമ്യൂണിസ്റ്റ് നേതാക്കളായ ഇ എം എസ്സിനെയും എ കെ ജിയെയും തോൽപ്പിക്കാൻ സംയുക്ത സ്ഥാനാർഥികളെ നിർത്തിയ ചരിത്രത്തിന്റെ ആവർത്തനമായിരുന്നു ലോകസഭ തെരഞ്ഞെടുപ്പിൽ തൃശൂരിലും ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടും കണ്ടത്. കോൺഗ്രസിന്റെ 86,000 ലധികം വോട്ട് ബിജെപിക്ക് നൽകി സുരേഷ് ഗോപിയെ വിജയപ്പിച്ചതിന് പ്രത്യുപകാരമായി ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ട് ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചുനൽകി. കോൺഗ്രസ്സിന്റെ ഒരുകെെ ആർഎസ്എസ് –ബിജെപിയുടെ തോളിലും മറുകെെ ജമാഅത്ത് ഇസ്ലാമി–പോപ്പുലർ ഫ്രണ്ട് വർഗീയ ശക്തികളുടെയും തോളിലുമാണ്. ഇതിന് മറയിടാനാണ് ആർഎസ്എസിനും ബിജെപിക്കും വളരാൻ ഒരുതരി മണ്ണ് കൊടുക്കാതെ നിലയുറപ്പിച്ചിട്ടുള്ള സിപിഐ എമ്മിനും മുഖ്യമന്ത്രിക്കും എതിരെ ഹീനവും ഭ്രാന്തവുമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നത്. പത്ത് വർഷമായി കേന്ദ്രത്തിലും എട്ടുവർഷമായി കേരളത്തിലും അധികാരമില്ലെന്ന വൻ പ്രതിസന്ധി നേരിടുന്നതിനാലാണ് കോൺഗ്രസ് നേതാക്കളുടെ വെപ്രാളവും വേവലാതിയും അതിനെ ചുവടുപിടിച്ചുള്ള എല്ലാവിധ അധാർമിക നീക്കങ്ങളും.
രാജ്യത്തിനാകെ മാതൃകയായ ബദൽ നയങ്ങളുമായാണ് എൽഡിഎഫ് ഭരണം കുതിക്കുന്നത്. നാടിനെ ഇരുട്ടിൽനിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നു. കൊച്ചി– ഇടമൺ ഹെെവേ, മലയോര, തീരദേശ പാതകൾ, വാട്ടർ മെട്രോ, കെ റെയിൽ, ഹെെടെക്ക് സ്കൂളുകൾ, ആശുപത്രികൾ, 1600 രൂപ പ്രതിമാസ പെൻഷൻ തുടങ്ങിയ മാറ്റങ്ങൾ ജനം തിരിച്ചറിയുന്നുണ്ട്. എൽഡിഎഫ് സർക്കാർ ഉള്ളിടത്തോളം എല്ലാ പാർശ്വവൽക്കരിക്കപ്പെട്ടവരേയും ചേർത്തുനിർത്തുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ്– വർഗീയ–വലതു മാധ്യമ കൂട്ടുകെട്ട് ഇല്ലാക്കഥ പ്രചരിപ്പിക്കുന്നത്. ലോകത്താകെ കമ്യൂണിസ്റ്റ് ഇടതുസ്വാധീനം വളരുകയാണ്. കമ്യൂണിസ്റ്റ് പാർടിയെ എഴുതിത്തള്ളിയവരിപ്പോൾ നിരാശയിലാണെന്നും എം സ്വരാജ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..