തൊടുപുഴ
തൊടുപുഴയുടെ ഇരവുകൾക്ക് ഇനി ഭീതിയുടെ ആവരണമുണ്ടാകും. ചിലങ്കയുടെ താളമുണ്ടാകും. രക്തരക്ഷസ് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ആദ്യാവസാനം ആസ്വാദകർ ആകാംഷയുടെ മുൾമുനയിൽ തന്നെ. ഏരീസ് കലാനിലയം അവതരിപ്പിക്കുന്ന രക്തരക്ഷസ് ചാപ്റ്റർ ഒന്നിന് തൊടുപുഴയിൽ ആഘോഷ വരവേൽപ്പ്.
ഭയവും ഞെട്ടലും പരിഭ്രാന്തിയും കാണികൾക്ക് സമ്മാനിക്കുകയാണ് നാടകം. ഉദ്ഘാടന ദിവസമായ അഞ്ചു മുതൽ പ്രദർശനങ്ങൾ എല്ലാം നിറഞ്ഞ സദസ്സിൽ. പഴയ തലമുറയെയും പുതിയ തലമുറയെയും ഒരുപോലെ ആകർഷിച്ച് രക്തരക്ഷസ് തൊടുപുഴയിലും ചരിത്രം രചിക്കുകയാണ്. ആസ്വാദകർ ആകാംഷയുടെ മുൾമുനയിൽ തന്നെ.
കലാനിലയത്തിന്റെ പ്രശസ്‌തനാടകങ്ങളാണ് രക്തരക്ഷസും കടമറ്റത്ത് കത്തനാരും. കലാനിലയത്തിന് തുടക്കം കുറിച്ചത് തനിനിറംപത്രത്തിന്റെ പത്രാധിപരായിരുന്ന കലാനിലയം കൃഷ്‌ണൻ നായരാണ്. അദ്ദേഹത്തിന്റെ മരണശേഷം മകൻ അനന്തപതമനാഭൻ വേദി ഏറ്റെടുത്തു. 2003ൽ ജഗതി ശ്രീകുമാറുമായിചേർന്ന് അനന്തപത്മനാഭൻ നാടകവേദിക്ക് പുനർജീവൻ നൽകിയെങ്കിലും 2013ൽ സ്ഥിരം നാടകങ്ങളുടെ അവതരണം നിന്നുപോയി. അക്കാലത്താണ് കലാനിലയം പരീക്ഷണ നാടകങ്ങൾക്ക് തുടക്ക കുറിച്ചത്. ആറുപതിറ്റാണ്ടുകൾക്ക് ശേഷം കലാനിലയം സ്ഥിരം നാടകവേദി ആധുനിക സാങ്കേതിക വിദ്യകളുമായാണ് മടങ്ങി എത്തിയിരിക്കുന്നത്. നാടക പ്രവർത്തകർക്ക് മാന്യമായ ജീവിതം നൽകി പുതുതലമുറയെ ആകർഷിക്കുകയാണ് ഏരീസ് കലാനിലയത്തിന്റെ ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..