തൊടുപുഴ
‘ചിന്ന ചിന്ന ആശൈ' സ്‌നേഹസംഗമം കളറാക്കി നടി മഞ്ജുവാര്യർ. ചടങ്ങിൽ മുഖ്യാതിഥിയായ മഞ്ജുവാര്യർ കുട്ടികൾക്കായി 'ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിലെ കിം..കിം..കിം. എന്ന ഗാനം പാടി. കുട്ടികൾ കൈയടികളോടെ ഏറ്റുപാടി. ചോദ്യം ചോദിച്ച ആരേയും നിരാശപ്പെടുത്തിയില്ല. അവർക്ക് ഇടയിലൂടെ നടന്ന് എല്ലാവർക്കും മറുപടി നൽകി. രജനികാന്തിന്റെ കൂടെ അഭിനയിച്ചതിന്റെ ഓർമകളും തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും പങ്കുവച്ചു.
ഒടുവിൽ വേട്ടയ്യനിലെ മനസ്സിലായോ എന്ന പാട്ടിനൊപ്പം കുട്ടികളും മഞ്ജുവും ചുവടുവച്ചു. കുട്ടികൾ സ്‌നേഹത്തോടെ പ്രിയപ്പെട്ട താരത്തെ കെട്ടിപ്പിടിച്ചു. എല്ലാവർക്കുമൊപ്പം ഫോട്ടോയെടുത്തും ഭക്ഷണം കഴിച്ചുമാണ് മഞ്ജു മടങ്ങിയത്. കലക്ടർ വി വിഗ്നേശ്വരി അധ്യക്ഷയായി. ജില്ല ഭരണവും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചേർന്ന് ജില്ലയിലെ 43 ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളിലെ കുട്ടികൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എത്തിച്ചു കൊടുക്കുന്ന പദ്ധതിയാണ് ചിന്ന ചിന്ന ആശൈ. ചടങ്ങിൽ നാനൂറോളം കുട്ടികൾ പങ്കെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ജയശീലൻ പോൾ, സബ് കലക്ടർമാരായ അനൂപ് ഗാർഗ്, വി എം. ജയകൃഷ്ണൻ, മോട്ടിവേഷൻ സ്പീക്കർ മധു ഭാസ്‌കർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..