21 December Saturday

അതിഥിത്തൊഴിലാളി യുവതിക്ക് 
108 ആംബുലൻസിൽ പ്രസവം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
ശാന്തൻപാറ
ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അതിഥിത്തൊഴിലാളി യുവതി കനിവ് 108 ആംബുലൻസിൽ പ്രസവിച്ചു. ജാർഖണ്ഡ് സ്വദേശിനി നീന(21) ആണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. പന്നിയാർ എസ്റ്റേറ്റിലാണ്‌ താമസം.  
ചൊവ്വാഴ്ചയാണ്‌ സംഭവം. ശാന്തൻപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ്‌ ആദ്യം ചികിത്സ തേടിയത്‌. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. ആവശ്യമായ സജ്ജീകരണമൊരുക്കാനുള്ള സന്ദേശം ശാന്തൻപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് വി ആർ ശ്രീകുമാർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ലിന്റു ടിസ് എന്നിവർ ആശുപത്രിയിലെത്തി നീനുവുമായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു. ശാന്തൻപാറയിൽനിന്നു 5 കിലോമീറ്റർ അകലെയുള്ള കള്ളിപ്പാറയിൽ എത്തിയപ്പോഴേക്കും വേദനകൂടി  യുവതിയുടെ ആരോഗ്യനില വഷളായി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ  നടത്തിയ പരിശോധനയിൽ ഉടൻ പ്രസവം ഉണ്ടാകുമെന്ന്‌ മനസ്സിലാക്കി. തുടർന്ന്‌ ആംബുലൻസിൽ ഇതിനുവേണ്ട സൗകര്യങ്ങൾ ചെയ്‌തു. പരിചരണം നൽകി. തുടർന്ന് പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഉടൻ ആംബുലൻസ് പൈലറ്റ് ശ്രീകുമാർ ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top