21 December Saturday

കോൺഗ്രസ്‌ ഭിന്നത അന്വേഷിക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024
തൊടുപുഴ
അധികാര സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ശിഥിലമായി ജില്ലയിലെ യുഡിഎഫ്. മുസ്ലീംലീഗും കോൺഗ്രസും തമ്മിലടിച്ച് രണ്ടാഴ്‍ചയോളമായി നിസഹകരണം തുടരുകയാണ്. ഒരു മുന്നണിയിൽ പ്രവർത്തിക്കുമ്പോഴും നയത്തിനും നിലപാടിനും മുകളിൽ അധികാര കസേരയ്‍ക്ക് പ്രധാന്യം നൽകിയതോടെ യുഡിഎഫ് ജനങ്ങൾക്ക് മുന്നിൽ പിച്ചിക്കീറപ്പെടുന്നു. തൊടുപുഴ നഗരസഭ ചെയർപേഴ്‍സൺ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കം പുറത്തുവന്നതെങ്കിലും കാലങ്ങളായുള്ള അസംതൃപ്‍തിയാണ് മറനീക്കിയതെന്ന് വ്യക്തം. മുമ്പ് കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി കോൺഗ്രസിനുണ്ടായ തർക്കം ഇപ്പോൾ ലീഗിനെതിരായും ഉടലെടുത്തിരിക്കുകയാണ്. എല്ലാത്തിനും പിന്നിൽ ഡിസിസി പ്രസിഡന്റിന്റെ പക്വതയില്ലായ്‍മയാണ് കാരണമെന്നാണ് യുഡിഎഫ് ഘടകകക്ഷികളുടെ അഭിപ്രായം.
കഴിഞ്ഞ 12നായിരുന്നു തൊടുപുഴ നഗരസഭ ചെയർപേഴ്‍സൺ തെരഞ്ഞെടുപ്പ്. അധ്യക്ഷ സ്ഥാനത്തേക്ക് തങ്ങൾക്കാണ് കോൺഗ്രസിനേക്കാൾ മുമ്പ് പരിഗണന കിട്ടേണ്ടതെന്ന് ലീഗും ലീഗ് സ്ഥാനാർഥി നിന്നാൽ കിട്ടാത്ത വോട്ട് തങ്ങളുടെ സ്ഥാനാർഥിക്ക് കിട്ടുമെന്ന് കോൺഗ്രസും പറഞ്ഞതോടെ ചർച്ചയായി. ദിവസങ്ങൾ നീണ്ടെങ്കിലും തെരഞ്ഞെടുപ്പ് ദിവസം രാവിലെയും പരിഹരിച്ചില്ല. യുഡിഎഫിന് രണ്ട് സ്ഥാനാർഥികളായി.
ആദ്യ റൗണ്ടിൽ ലീഗ് സ്ഥാനാർഥി പുറത്തായി. തുടർന്ന് യുഡിഎഫിനെ പരാജയപ്പെടുത്തി എൽഡിഎഫ് ഭരണം നിലനിർത്തി. പിന്നീട് കണ്ടത് പരസ്‍പര വാക്‍പോരും കൈയാങ്കളിയും. അർഹിച്ച പരിഗണന കിട്ടുന്നില്ല, കോൺഗ്രസ് രാഷ്‍ട്രീയവഞ്ചന കാണിച്ചു, തങ്ങളെയാരും രാഷ്‍ട്രീയം പഠിപ്പിക്കേണ്ട തുടങ്ങിയ നിലപാടുകൾ ലീഗ് ജില്ലാനേതൃത്വം പരസ്യമായി പറഞ്ഞു. ലീഗിന്റെ ചെലവിലല്ല തങ്ങൾ, ചില പോക്കറ്റുകളിൽ മാത്രമാണ് ലീഗുള്ളത്. അടുത്ത തെരഞ്ഞെടുപ്പിൽ ഒറ്റയ്‍ക്ക് മത്സരിക്കും, ലീഗിനെ പച്ചതൊടീക്കില്ല തുടങ്ങിയ മറുവാദങ്ങൾ ഡിസിസി പ്രസിഡന്റും ഉയർത്തി. മൂർച്ചയേറിയ വാക്‍പോര് പിന്നെയും തുടർന്നു.
10 ദിവസങ്ങൾക്കിപ്പുറം നഗരസഭ വൈസ് ചെയർപേഴ്‍സൺ പ്രൊഫ. ജെസ്സി ആന്റണിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചചെയ്യേണ്ട ദിവസം ലീഗ് കൗൺസിലർമാർ എത്തിയില്ല. ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. ജില്ലയിലെ പ്രശ്‍നങ്ങൾ ചർച്ചചെയ്‍ത് പരിഹരിക്കാൻ യുഡിഎഫ് സംസ്ഥാനതലത്തിൽ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും തീരുമാനമാകുന്നതുവരെ നിസഹകരണം തുടരുമെന്നുമായിരുന്നു പ്രതികരണം. ഇത്തരത്തിൽ ജനങ്ങൾക്ക് മുന്നിൽ കസേരകളി തുടരുകയാണ് യുഡിഎഫ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top