17 September Tuesday

‘ആര്‍ത്തു പൊന്തട്ടേ... ആഘോഷ പ്രകമ്പനം’

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

കാൽവരിമൗണ്ട് 
വ്യൂപോയിന്റിൽനിന്നുള്ള കാഴ്ച

 കട്ടപ്പന

പുതിയ ടൂറിസം സീസൺ വരവേൽക്കാൻ ഹൈറേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരുങ്ങി. ‘വൈറൽ'ആയ മേട്ടുക്കുറിഞ്ഞി കാണാൻ ഒഴുകിയെത്തുന്ന സന്ദർശകർ ഓണക്കാലത്തും ടൂറിസം കേന്ദ്രങ്ങളെ സജീവമാക്കുമെന്നാണ് പ്രതീക്ഷ. മഴക്കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയതോടെ സഞ്ചാരികൾ ഹൈറേഞ്ചിലേക്ക് എത്തിത്തുടങ്ങി. ഇടുക്കി ടൂറിസം സർക്യൂട്ടിലെ പ്രധാന കേന്ദ്രമായ കാൽവരിമൗണ്ട് വ്യൂപോയിന്റിൽ പ്രതിദിനം 500നും 700നുമിടയിൽ ആളുകൾ എത്തുന്നുണ്ട്.
ടൂറിസം രംഗത്ത് ഒരുപതിറ്റാണ്ടിനിടെ മറ്റ് പ്രധാന കേന്ദ്രങ്ങൾക്കൊപ്പം കാൽവരിമൗണ്ടും വളർന്നു. പശ്ചിമഘട്ട മലനിരകളെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ഇടുക്കി ജലാശയത്തിന്റെ വിദൂരക്കാഴ്ചകളാണ് പ്രധാന ആകർഷണം. കല്യാണത്തണ്ട് കുന്നിചെരിവുകളിലൂടെ ഒഴുകിയെത്തുന്ന കോടമഞ്ഞും മലയടിവാരത്തെ ഘോരവനങ്ങളും ജലാശയത്തിലെ ദ്വീപുകളുമാണ് പ്രിയങ്കരമാക്കുന്നത്. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും മലബാർ മേഖലകളിലെ സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു.
കഴിഞ്ഞവർഷം ഓണക്കാലത്ത് പ്രതിദിനം 2000ലേറെ പേർ ഇവിടെ എത്തിയിരുന്നു. കൂടാതെ, കഴിഞ്ഞ നവരാത്രി അവധിക്കാലം ആഘോഷിക്കാൻ എത്തിയത് 25,000ലേറെ ആളുകൾ.
കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് സന്ദർശകരിൽ ഏറെയും.
കുടുംബസമേതം ദിവസങ്ങളോളം ഇവിടെ താമസിച്ച് കാഴ്ചകൾ ആസ്വദിച്ചാണ് മടക്കം. 50ലേറെ റിസോർട്ടുകളും ഹോംസ്റ്റേകളുമാണ് ഇവിടെ പ്രവർത്തിക്കുന്നത്. കട്ടപ്പന കല്യാണത്തണ്ട് മലനിരകളിൽ പൂവിട്ട മേട്ടുക്കുറിഞ്ഞി കാണാൻ ഇപ്പോഴും ആളുകൾ എത്തുന്നുണ്ട്. മലകയറി എത്തുന്നവർക്ക് കോടമഞ്ഞും പച്ചപ്പും ഇടുക്കി ജലാശയവും കാഴ്ചകളുടെ കലവറ സമ്മാനിക്കുന്നു. മഴ ശമിച്ചതോടെ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലും സന്ദർകരുടെ തിരക്കുണ്ട്. ഇരട്ടയാർ ഡൈവേർഷൻ ഡാമിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ടണലും ഇടുക്കി ജലാശയത്തിന്റെ വിദൂരക്കാഴ്ചകളുമാണ് പ്രധാന ആകർഷണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top