27 December Friday

മധുരിക്കും ഓർമകളുമായി 
സുകുമാരനാശാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

രാജാക്കാട്ടിലെ തയ്യൽ കടയിൽ സുകുമാരനാശാൻ

 രാജാക്കാട് 

ആയിരം പാദസരങ്ങൾ കിലുങ്ങി... എന്ന് വയലാർ എഴുതിയപോലെ ആയിരം ഗാനങ്ങൾ മനപാഠമാക്കിയത് പാടുകയാണ് രാജാക്കാട്‌ സ്വദേശി സുകുമാരനാശാൻ. 1955 മുതൽ ഇറങ്ങിയിട്ടുള്ള മലയാള ചലച്ചിത്ര നാടക ഗാനങ്ങൾപാടി 82കാരനായ ആശാൻ വേദികളിൽ രാഗമാരിപെയ്യിക്കുകയാണ്.  പൊതുപരിപാടികളിൽ ഇന്നും ആശാന്റെ പാട്ടിനായി കാതോർക്കുകയാണ്. അമരം സിനിമയിലെ വികാരനൗകയുമായ്...  ആശാൻ പാടുമ്പോൾ കാണികൾ വീണ്ടും പാടാൻ ആവശ്യപ്പെടുന്നുണ്ട്.  ശാലിനി എന്റെ കുട്ടുകാരി സിനിമയിലെ നിൻതുമ്പുകെട്ടിയ ചുരുൾമുടിയിൽ...  എന്ന ഗാനവും ആശാന് ഏറെ പ്രിയം. 
പഴയ പാട്ടുകൾ ഏത് ആവശ്യപ്പെട്ടാലും ആശാൻ പാടാൻ റെഡിയാണ്. 10 വയസ്സ് മുതൽ റേഡിയോയിലും മറ്റും വന്നിരുന്ന പാട്ടുകൾ കേട്ടുപഠിച്ചതാണ്. പെരുമ്പാവൂരിൽനിന്ന് നാലാം വയസ്സിൽ ചെങ്കുളത്തെത്തുകയും പിന്നിട് രാജാക്കാട്ടിൽ താമസമാക്കുകയുംചെയ്ത സുകുമാരൻ വിദ്യാഭ്യാസ കാലത്തും പാട്ടുകൾപാടി സ്റ്റാറായി. ഇതിനിടയിൽ തയ്യൽ ജോലിയും ആരംഭിച്ചു. നൂറുകണക്കിന് ശിഷ്യർ തയ്യൽ രംഗത്ത് ആശാനുണ്ട്. അങ്ങനെയാണ് പേരിനൊപ്പം ആശാൻ  ചേർക്കപ്പെട്ടത്.  ഇതോടൊപ്പമാണ് പാട്ടുകളുമായി വേദികളിൽ നിറയുന്നത്.
കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലെ അവതരണഗാനമായ  ‘ബലികുടീരങ്ങളെ, പൂവനങ്ങൾക്കറിയാമോ ഒരുപൂവിൻ വേദന... ഉൾപ്പെടെ കാലഘട്ടം മാറുന്നതനുസരിച്ചും വേദികൾ അറിഞ്ഞും ആശാൻ പാടും.  സായാഹ്നങ്ങളിൽ സഹോദരങ്ങളും മക്കളും കൊച്ചുമക്കളും കൂടി വീട്ടിൽ മധുരിക്കും ഓർമകളെ... സംഗീതവുമായി കൂടാറുണ്ട്. രാജാക്കാട്ടിലെ തയ്യൽകടയിൽ പാട്ടുകൾ കേൾക്കാനും ധാരാളം പേർ എത്താറുണ്ട്. 
രാധാമണിയാണ് ഭാര്യ. ബിജു, ബൈജു, ബിന്ദു എന്നിവരാണ് മക്കൾ. ഇവരിൽ ബിജുവും ബിന്ദുവും ഗായകരുമാണ്. കൊച്ചുമക്കളും ഗാനാലാപന രംഗത്ത് സജീവമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top