കട്ടപ്പന
അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിൽ ഇടുക്കി ജലാശയത്തിൽനിന്ന് മൂന്നുദിവസങ്ങളിലായി ശേഖരിച്ചത് 300 ചാക്ക് മാലിന്യം. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗമാണ് ജലാശയത്തിൽ ശുചീകരണം നടത്തിയത്. ഏറ്റവുമധികം മാലിന്യം ഒഴുകിയെത്തുന്നത് കട്ടപ്പന നഗരസഭാപരിധിയിലൂടെ ഒഴുകുന്ന കട്ടപ്പനയാറിൽനിന്ന്. പ്രതിദിനം നൂറുചാക്കുകളിലായി മാലിന്യം ശേഖരിച്ചു.
ഇരട്ടയാർ ഡൈവേർഷൻ ഡാമിൽനിന്ന് ഇടുക്കി അണക്കെട്ടിൽ വെള്ളമെത്തുന്ന തുരങ്കംവഴിയും മാലിന്യമെത്തുന്നുണ്ട്. ഇതാദ്യമായാണ് ഡാം സേഫ്റ്റി വിഭാഗം ജലാശയം ശുചീകരിക്കുന്നത്. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ബുധൻ രാവിലെ ആരംഭിച്ച മാലിന്യശേഖരണം വെള്ളി വൈകിട്ടോടെ അവസാനിച്ചു.
വൃഷ്ടിപ്രദേശങ്ങളിൽ ഉൾപ്പെടെ മീറ്ററുകളോളം ദൂരത്തിൽ അടിഞ്ഞുകൂടിയ മാലിന്യം വള്ളത്തിലെത്തിയാണ് കരാർ തൊഴിലാളികൾ ശേഖരിച്ചത്. അഞ്ചുരുളി തുരങ്കമുഖത്തുനിന്ന് വെള്ളം പതിക്കുന്ന ഭാഗവും കട്ടപ്പനയാർ ഒഴുകിയെത്തുന്ന മേഖലയും ശുചീകരിച്ചു. പ്ലാസ്റ്റിക്, റബർ ഉൽപ്പന്നങ്ങൾ, ചില്ല് കുപ്പികൾ തുടങ്ങിയവ തരംതിരിച്ച് ശേഖരിച്ചു. ഇവ കാഞ്ചിയാർ പഞ്ചായത്ത് ഹരിതകർമ സേനയ്ക്ക് കൈമാറി.
ജലസ്രോതസുകളിൽ മാലിന്യം ഒഴുക്കുന്നത് തടയാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ ബോധവൽക്കരണം നടത്തണമെന്നും ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കണമെന്നും കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് എൻജിനിയർ രാഹുൽ രാജശേഖരൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..