21 December Saturday
1.21 ലക്ഷം രൂപ കലക്ടര്‍ക്ക് കൈമാറി

വയനാടിനെ കൈപിടിച്ച് ശാന്തിഗ്രാം സ്‌കൂള്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024
കട്ടപ്പന
ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും പിടിഎ, എസ്എംസി ഭാരവാഹികളും ചേർന്ന് സമാഹരിച്ച 1,21,671 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പ്രഥമാധ്യാപിക കെ എസ് ഉഷ, വിദ്യാർഥികൾ, പിടിഎ ഭാരവാഹികൾ എന്നിവർ കലക്ടർ വി വിഗ്‌നേശ്വരിക്ക് തുക കൈമാറി.
വർഷങ്ങളായി സ്വരുക്കൂട്ടിയ ചെറുസമ്പാദ്യവുമായി സ്‌കൂളിലെത്തിയ കുട്ടികൾ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാമോയെന്ന് അധ്യാപകരോട് ആവശ്യപ്പെട്ടു. മറ്റ് വിദ്യാർഥികൾ തങ്ങളാൽ കഴിയുന്നതുകൂടി കണ്ടെത്തിയതോടെ എല്ലാവരും ചേർന്ന് സഹായനിധി രൂപീകരിക്കാമെന്ന തീരുമാനത്തിലെത്തി. രണ്ടുദിവസത്തിനുള്ളിൽ വിദ്യാർഥികൾ ഒന്നടങ്കം വിഹിതം അധ്യാപകരെ ഏൽപ്പിച്ചു. ജന്മദിനാഘോഷം നടത്താനും സൈക്കിൾ വാങ്ങാനുമൊക്കെ കരുതിയ പണമെല്ലാം സഹായനിധിലെത്തി. രക്ഷിതാക്കൾ പ്രത്യേകമായും തുകകൾ കൈമാറി. എസ്‌പി കേഡറ്റുകൾ സമാഹരിച്ച 10,000 രൂപ തങ്കമണി എസ്എച്ച്ഒ ശരത്കുമാർ സ്‌കൂൾ അധികൃതർക്ക് നൽകി. കുട്ടികളുടെ ഉദ്യമത്തിൽ അധ്യാപകർ, ജീവനക്കാർ, പിടിഎ, എസ്എംസി എന്നിവരും പങ്കാളികളായതോടെ തുക ഒരുലക്ഷം കടന്നു. കുട്ടികളുടേത് സഹാനുഭൂതിയുടെ ഉത്തമമാതൃകയാണെന്ന് കലക്ടർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top