18 November Monday
മുല്ലപ്പെരിയാർ 
അണക്കെട്ട്

ആശയം രൂപപ്പെട്ടത് 272 വർഷംമുമ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024
കുമളി
മുല്ലപ്പെരിയാർ അണക്കെട്ടെന്ന ആശയം രൂപപ്പെട്ടത് 272 വർഷംമുമ്പ്. 1752 മുതൽ അണക്കെട്ട് നിർമിക്കുന്നതിനുള്ള നീക്കങ്ങൾ മദ്രാസ് പ്രസിഡൻസി തുടങ്ങിയിരുന്നു. തിരുവിതാംകൂർ  നാട്ടുരാജ്യത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ ബ്രിട്ടീഷുകാർ നിരവധിപഠനങ്ങളും നടത്തി. 1862 ആഗസ്തിൽ നടന്ന ഗൗരവമായ ചർച്ചകളെ തുടർന്നായിരുന്നു മദ്രാസ് പ്രസിഡൻസി തിരുവിതാംകൂറിന് കത്തെഴുതുന്നത്. എന്നാൽ, 1886 ഒക്ടോബർ 29നാണ് അണക്കെട്ട് നിർമാണ കരാറായത്. ബ്രിട്ടീഷ്‌ മിലിട്ടറി എൻജിനിയർ ജോൺ പെന്നിക്വിക്കാണ് മുല്ലപ്പെരിയാറിന്റെ ശിൽപി. ജോൺ പെന്നിക്വിക്ക് അണക്കെട്ടിന്‌ കൽപ്പിച്ച പ്രായം 50 വർഷം. എന്നാൽ അണക്കെട്ടിന് ഇപ്പോൾ 139 വയസ്സുകഴിഞ്ഞു. ഓരോ മഴക്കാലവും പെരിയാർ തീരവാസികൾ കഴിയുന്നത് ഭയപ്പാടോടെയാണ്.
 
പെരിയാറിലെ ജലം 
വൈഗയിലേക്ക്‌
പെരിയാർനദിയിൽ അണകെട്ടി വെള്ളംതിരിച്ചുവിടാനുള്ള പദ്ധതി 1789 ൽ രാമനാട് നാട്ടുരാജ്യം നടത്തി. അക്കാലത്ത് ബ്രിട്ടീഷ് പ്രവിശ്യയായ മധുരയും സമീപ നാട്ടുരാജ്യമായ രാമനാടും കൊടുംവരൾച്ചയുടെ പിടിയിലായിരുന്നു. ഇതോടെയാണ് പെരിയാറിലെ വെള്ളം ചിറകെട്ടി തിരിച്ചുവിടാമെന്ന ആശയം രാമനാട് രാജാവ് മുത്തുരാമലിംഗ സേതുപതിയുടെ മുഖ്യകാര്യക്കാരൻ മുതിരുള്ളപ്പ പിള്ളയുടെ മനസ്സിൽ ഉദിക്കുന്നത്.
1867ൽ പെരിയാർനദിയിൽ 162 അടി ഉയരത്തിൽ അണക്കെട്ട് നിർമിക്കാൻ മധുരയിലെ എൻജിനിയർ മേജർ റീവ്‌സ് പുതിയ നീക്കം നടത്തി. ചുരുളിയാറ്റിലൂടെ വെള്ളം വൈഗയിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ ഇത് പരാജയപ്പെട്ടു.  
  1862ൽ വീണ്ടും അടുത്ത പദ്ധതിക്ക്‌ തുടക്കമിട്ടു. ആ വർഷം സെപ്തംബർ നാലിന് മദ്രാസ് പ്രസിഡൻസി തിരുവിതാംകൂർ ദിവാൻ മാധവറാവുവിന് ആദ്യ കത്ത് അയച്ചു. ദിവാൻ നവംബർ 25ന് മറുപടി നൽകി. തിരുവിതാംകൂറിന്റെയും കൊച്ചിയുടേയും റസിഡന്റായിരുന്ന ഫിഷർ ഡിസംബർ ഒന്നിന് ദിവാന് നൽകിയ കത്തിൽ അണകെട്ടുന്നത് സംബന്ധിച്ച് കൃത്യമായ മറുപടി ഉടൻ നൽകണമെന്ന്‌ മുന്നറിയിപ്പ്‌ നൽകി. പര്യവേക്ഷണത്തിന് ബ്രിട്ടീഷ് എൻജിനിയർമാരെ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും ലാഭം തുല്യമായി പങ്കിടണമെന്നും 1863 ജനുവരി 14ന് ദിവാൻ മറുപടി നൽകി. പിന്നീട് ബ്രിട്ടീഷ് എൻജിനിയർ ബാർട്ടന്റെ നേതൃത്വത്തിൽ പെരിയാർ നദിയുടെ ഉത്ഭവ സ്ഥാനത്തെ കൊടുംകാടുകളിൽ പഠനം നടത്തി. 
പ്രളയത്തിൽനിന്ന് ഉയർന്ന അണക്കെട്ട് 
മുല്ലയാർ, പെരിയാർ നദികളുടെ സംഗമകേന്ദ്രത്തിന് പത്ത് കിലോമീറ്റർ താഴെയാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചത്. നിർമാണത്തിനിടെ രണ്ടുതവണ പ്രളയത്തിൽ അണക്കെട്ട് ഒഴുകിപ്പോയി. പിന്നീട് മദ്രാസ് പ്രസിഡൻസി പദ്ധതി ഉപേക്ഷിച്ചെങ്കിലും പെന്നിക്വിക്ക് ബ്രിട്ടനിലുള്ള സ്വത്തുക്കൾ വിറ്റ പണവുമായി തിരികെയെത്തി നിർമാണം നടത്തി. 1895 ഒക്ടോബർ പത്തിന് വെന്റ്ലോക് പ്രഭു മുല്ലപ്പെരിയാർ അണക്കെട്ട് കമീഷൻ ചെയ്‌തു. 2014ൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചാണ് ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്തിയത്. അതിനുശേഷം അഞ്ച് തവണ ഇടുക്കിയിലേക്ക് വെള്ളം തുറന്നുവിട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top