കട്ടപ്പന
ഹൈറേഞ്ചിലെ മലനിരകളിൽ പൂത്ത മേട്ടുക്കുറിഞ്ഞി കാണാൻ സന്ദർശകരുടെ തിരക്ക്. കട്ടപ്പന കല്യാണത്തണ്ട് മലനിരകൾ, വാഗമൺ മൊട്ടക്കുന്ന്, പരുന്തുംപാറ, കുട്ടിക്കാനം ആഷ്‌ലി മലനിരകൾ എന്നിവിടങ്ങളിലാണ് ഏതാനും ആഴ്ചകൾക്കിടെ കുറിഞ്ഞി പൂവിട്ടത്. മഴ കുറഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സന്ദർശകരാണ് നീലവസന്തം ആസ്വദിക്കാൻ എത്തുന്നത്. നീലക്കുറിഞ്ഞിയുടെ ഉപവിഭാഗമായ മേട്ടുക്കുറിഞ്ഞി ഏഴുവർഷം കൂടുമ്പോഴാണ് പൂക്കുന്നത്. നീലക്കുറിഞ്ഞിയെപ്പോലെ ഇളം വയലറ്റ്, നീല നിറങ്ങളിലുള്ളതാണ് പൂവ്. ‘സ്ട്രോബൈലാന്തസ് വൈറ്റിയാനസ്’ എന്നാണ് ശാസ്ത്രീയനാമം.
അടിമാലി- കുമളി ദേശീയപാതയിൽ നിർമലാസിറ്റിക്കുസമീപം ഏതാനും കിലോമീറ്റർ സഞ്ചരിച്ചാൽ കല്യാണത്തണ്ട് മലയിൽ എത്തിച്ചേരാം. നീലപട്ടുവിരിച്ച കണക്കെ കുറിഞ്ഞി പൂത്തുനിൽക്കുന്നത് ഏറെ ആസ്വാദ്യകരമാണ്. മഴ കുറഞ്ഞാൽ രണ്ടുമാസത്തിലേറെ പൂക്കൾ നിലനിൽക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..