തൊടുപുഴ
‘കേരളത്തിലെ പതിനായിരക്കണക്കായ പട്ടിണിപ്പാവങ്ങളുടെ പടത്തലവൻ സഖാവ് ഇ എം എസ് നമ്പൂതിരിപ്പാട് ഇന്ന് വൈകിട്ട് തൊടുപുഴയിൽ സംസാരിക്കുന്നു...’ 1980ൽ തൊടുപുഴയുടെ നഗരവീഥികളില്‍ ഉച്ചഭാഷിണികളിലൂടെ മുഴങ്ങിക്കേട്ട ഘനഗാംഭീര്യ ശബ്ദം. കിഴക്കേല്‍ ചന്ദ്രശേഖരൻ എന്ന ചന്ദ്രൻ, അഥവാ തൊടുപുഴയുടെ അനൗൺസ് ചക്രവർത്തി. വാക്കുകളുടെയും വാചകങ്ങളുടെയും സ്‍ഫുടതയാര്‍ന്ന ഉച്ചാരണം, ഇടയ്‌ക്കിടെയുള്ള സാഹിത്യശകലങ്ങള്‍... അക്കാലത്ത് ചന്ദ്രന്റെ അനൗണ്‍സ്‍മെന്റ് കേള്‍ക്കാത്ത തൊടുപുഴക്കാരില്ലായിരുന്നു.
അനൗണ്‍സ്‍മെന്റ് തന്നെ
ജീവിതം
പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തൊടുപുഴ ടൗണിലുണ്ടായിരുന്ന മിനി പബ്ലിസിറ്റി ബ്യൂറോയിൽ ഉണ്ണിച്ചേട്ടനൊപ്പം സ്ഥാപനങ്ങളുടെ പരസ്യം അനൗൺസ്‌ചെയ്‌താണ് തുടക്കം. പുരോഗമന യുവജന പ്രസ്ഥാനത്തിലെ പ്രവർത്തനത്തിനിടയിൽ സിപിഐ എം നേതാക്കളായിരുന്ന പി പി മുഹമ്മദും സി ജെ ചാക്കോയും സിഐടിയു നേതാവ് എം കുമാരനുമായിരുന്നു രംഗത്ത് ഉറച്ചുനില്‍ക്കാൻ പ്രചോദനം. ശബ്‍ദം അനൗണ്‍സ്‍മെന്റിന് പറ്റിയതാണെന്ന് തിരിച്ചറിഞ്ഞ നേതാക്കള്‍ തെരഞ്ഞെടുപ്പ് സമയങ്ങളിലും പാര്‍ടി സമ്മേളനങ്ങളിലും അനൗണ്‍സ്‍മെന്റ് വാഹനങ്ങളില്‍ ചന്ദ്രനെയും കൂട്ടി. 1978–-79 കാലത്ത് ഇതുതന്നെയാണ് ജീവിതമാര്‍ഗമെന്ന് ചന്ദ്രൻ തിരിച്ചറിഞ്ഞു. ശേഷം 45വര്‍ഷത്തോളമാണ് സംസ്ഥാനത്തുടനീളം അനൗൺസ്‌മെന്റുമായി നിറഞ്ഞത്. അന്ന് സിനിമ, നാടകം, സർക്കസ്, പാർടി സമ്മേളനങ്ങൾ എന്നിവയ്‍ക്ക് അനൗണ്‍സ്‍മെന്റായിരുന്നു പ്രധാന പ്രചാരണം. രാഷ്‌ട്രീയ–-സാംസ്‌കാരിക–-കച്ചവട സ്ഥാപനങ്ങൾക്കായി ശബ്ദംനൽകി. പോകെപ്പോകെ ഉച്ചഭാഷിണികളും ലൈവ് അനൗണ്‍സ്‍മെന്റും കുറഞ്ഞു. 2013ല്‍ മകള്‍ക്കൊപ്പം ചന്ദ്രൻ അമേരിക്കയിലേക്ക് പറന്നു.
കാണാം
ശബ്‍ദോപകരണങ്ങള്‍
മണക്കാട് ഇറക്കും പുഴയിലുള്ള വീടിന്റെ മുകള്‍നിലയിലെ മുറിനിറയെ റിക്കോഡിങ് ഉപകരണങ്ങളുടെ ശേഖരമാണ്. സ്‌പൂൾ ടേപ്പ് റിക്കോഡർ, ആംപ്ലിഫയറുകൾ, ടേപ്പ് റിക്കോഡുകൾ, ഓഡിയോ കാസറ്റുകൾ, സൗണ്ട് ബോക്‌സുകൾ, മൈക്രോഫോൺ, റിക്കോഡ് പ്ലെയറുകൾ തുടങ്ങിയവയ്‍ക്കൊപ്പം വിശ്വസാഹിത്യകാരന്മാരുടെ കൃതികളുമുണ്ട്. അമേരിക്കയിലെ ഹൂസ്‌റ്റണിലെ താമസസ്ഥലത്തും ഉപകരണങ്ങള്‍ നിരവധി. മലയാളി അസോസിയേഷനുകളുടെ പരിപാടികൾ റിക്കോഡ് ചെയ്‌തുനൽകും. അഞ്ചുവർഷം കൂടിയാണ് ചന്ദ്രനും ഭാര്യ മണിയും നാട്ടിലെത്തിയത്. കാലമേറെ കടന്നെങ്കിലും ഭൂതകാലം മറക്കാൻ ഈ 69കാരനാവില്ല. ഇപ്പോഴും സമകാലിക സംഭവങ്ങൾ റിക്കോഡ് ചെയ്‌ത് സഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കും. ‘പൂര്‍വകാല സംതൃപ്‍തിയുടെ പൊന്നശോകം പൂത്തുവിരിയുന്ന പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിരുനാളിൽ എല്ലാവര്‍ക്കും ആശംസകള്‍’. ചന്ദ്രൻ അനൗണ്‍സ്‍മെന്റ് തുടരുകയാണ്...
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..