10 October Thursday

മച്ചിപ്ലാവ് ഭവന 
സമുച്ചയത്തിന്

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024
അടിമാലി 
മച്ചിപ്ലാവ് ലൈഫ് ഭവന സമുച്ചയത്തിന് 1.05 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. അഡ്വ. എ രാജ എംഎൽഎ നടത്തിയ നിരന്തര ഇടപെടലിനെ തുടർന്നാണ്‌ കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന നടപടി. ഭവന സമുച്ചയത്തിലെ ശുദ്ധജല വിതരണം, മാലിന്യ സംസ്‌കരണം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയെ തുടർന്ന് മാലിന്യ സംസ്‌കരണവും ശുദ്ധജലവിതരണവും അവതാളത്തിലായിരുന്നു. കുടുംബങ്ങൾ എംഎൽഎക്ക് നിവേദനം നൽകിയതിനെ തുടർന്ന്‌ അദ്ദേഹം സമുച്ചയം സന്ദർശിച്ച് പരിഹാരം കാണാമെന്ന്‌ ഉറപ്പുനൽകിയിരുന്നു. തുടർന്ന്‌ നവകേരള കർമപദ്ധതി കോ ഓർഡിനേറ്റർ ഡോ. ടി എൻ സീമ സർക്കാരിന് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ്‌ നവീകരണത്തിനായി ഫണ്ട് അനുവദിച്ചത്.
എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനിലുൾപ്പെടുത്തി ആറ് നിലകളായി നിർമിച്ച കെട്ടിടത്തിൽ 217 ഫ്ലാറ്റുകളാണുള്ളത്. കിടപ്പുമുറി, അടുക്കള, ഹാൾ ഉൾപ്പടെ 400 ചതുരശ്ര വിസ്തീർണം ഓരോ ഫ്ലാറ്റിനുമുണ്ട്‌. ഒന്നര ഏക്കർ സ്ഥലത്താണ് ഭവനം ഫൗണ്ടേഷന്റെ ഏറ്റവും വലിയ പദ്ധതി പൂർത്തിയായത്. സമുച്ചയത്തോടനുബന്ധിച്ച്‌ ആരോഗ്യ ഉപകേന്ദ്രം, ലൈബ്രറി തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്‌. 
അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുന്നതിലും മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും തികഞ്ഞ അനാസ്ഥയാണ് യുഡിഎഫ് ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായത്‌. നിലവിൽ 160 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്‌. സർക്കാരിന്റെ ഇടപെടലിൽ സന്തോഷമുണ്ടെന്ന്‌ ഇവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top