ഇടുക്കി
അധികാര സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ശിഥിലമായ ജില്ലയിലെ യുഡിഎഫിനുള്ളിലെ പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടുതുടങ്ങി. കാര്യങ്ങൾ വിശദമായി പഠിക്കാനും നിർദേശം നൽകാനും നിയോഗിച്ച മൂന്നംഗസമിതി വൈകാതെ ജില്ലയിലെത്തി നേതാക്കളുമായി ആശയവിനിമയം നടത്തും. എന്നാൽ ഡിസിസിയുടെ റിപ്പോർട്ട് നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. വിവിധ ഘട്ടങ്ങളിൽ ലീഗും ജോസഫ് ഗ്രൂപ്പും സ്വീകരിച്ച നിലപാടുകൾ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. മൂന്നംഗ സമിതിയിലെ കോൺഗ്രസ് അംഗമായ ജോസഫ് വാഴയ്‌ക്കൻ ജില്ലയിലെ രൂക്ഷമായ ഗ്രൂപ്പ്‌പോരും അധികാര തർക്കങ്ങളും സംബന്ധിച്ച് റിപ്പോർട്ട് കെപിസിസി നേതൃത്വത്തിന് നൽകുമെന്നാണ് വിവരം.
നിലവിൽ കെപിസിസി പ്രസിഡന്റിന് രാജി നൽകിയ ഡിസിസി പ്രസിഡന്റ് സി പി മാത്യു സ്ഥാനത്ത് തുടരുകയാണ്. ഇതിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ജില്ലയിലെ ഭൂരിപക്ഷം നേതാക്കൾക്കും അതൃപ്തിയുണ്ട്. എന്നാൽ ഒരു ആവേശത്തിന് പെട്ടന്ന് രാജി നൽകിയതാണെന്നാണ് പ്രസിഡന്റിനോട് അടുപ്പമുള്ളവർ പറയുന്നത്.
എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകാൻ പ്രസിഡന്റിന് കഴിയുന്നില്ലെന്നും അതുകൊണ്ടാണ് കെപിസിസി പ്രസിഡന്റ് തന്നെ പലകാര്യങ്ങളിലും നേരിട്ട് ഇടപെടേണ്ടിവരുന്നതെന്നും മറുഗ്രൂപ്പുകാർ ആരോപിക്കുന്നു. കെപിസിസി സെക്രട്ടറി എം എൻ ഗോപി, യുഡിഎഫ് ജില്ലാ കൺവീനർ ജോയി വെട്ടിക്കുഴി, കെപിസിസി ജനറൽ സെക്രട്ടറി എസ് അശോകൻ തുടങ്ങിയവരാണ് പ്രസിഡന്റ് സ്ഥാനത്തിനായി ശ്രമിക്കുന്നത്. ജില്ലയിലെ വിവിധ സംഘടനാപ്രശ്‌നങ്ങൾ കെപിസിസിയുടെ മുന്നിലുണ്ട്.
യുഡിഎഫ് ഘടകകക്ഷികളായ ലീഗും കേരള കോൺഗ്രസ് ജെയും കോൺഗ്രസുമായി കടുത്ത ഏറ്റുമുട്ടലിലാണ്. പ്രശ്‌നം പരിഹരിക്കാൻ ജോസഫ് വാഴയ്‌ക്കൻ, മോൻസ് ജോസഫ് എംഎൽഎ, ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. അടുത്തദിവസംതന്നെ ഇവരെത്തി ചർച്ച നടത്തും. നിലവിൽ മുസ്ലിംലീഗും കോൺഗ്രസും തമ്മിലടിച്ച് നിസഹകരണം തുടരുകയാണ്.
തൊടുപുഴ നഗരസഭ ചെയർപേഴ്‍സൺ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കം പുറത്തുവന്നതെങ്കിലും കാലങ്ങളായുള്ള അസംതൃപ്‍തിയാണ് മറനീക്കിയത്. എല്ലാത്തിനും പിന്നിൽ ഡിസിസി പ്രസിഡന്റിന്റെ പക്വതയില്ലായ്‍മയാണ് കാരണമെന്നാണ് യുഡിഎഫ് ഘടകകക്ഷികളുടെയും അഭിപ്രായം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..