ഇടുക്കി
നിരവധി കൈക്കൂലി കേസുകളിൽ ഒടുവിൽ പിടിക്കപ്പെട്ട് റിമാൻഡിലായ ഡിഎംഒയ്ക്ക് പരിശോധനാ ശ്രദ്ധ മുന്തിയ ഹോട്ടലുകളും ലാബുകളും. സഹായത്തിനായി ഏതാനും വിശ്വസ്തരെയും കൂട്ടിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥാനത്തിരുന്ന ഡോ.എൽ മനോജിനെയും സഹായി സുഹൃത്തിന്റെ ഡ്രൈവർ രാഹുൽ രാജിനെയുമാണ് കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
ഗുരുതരമായ പരാതിയെ തുടർന്ന് തിങ്കളാഴ്ച സസ്പെൻഷനിലായ ഡിഎംഒ മൂന്ന് ദിവസത്തിനകം ട്രിബ്യൂണലിൽനിന്ന് സ്റ്റേ വാങ്ങിയ ഉടൻ ജോലിയിൽ തിരികെ പ്രവേശിച്ച് മറ്റൊരു കൈക്കൂലി കേസിൽ അറസ്റ്റിലാകുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. നിരവധിപേരുടെ പരാതികൾ ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടുണ്ട്. മുമ്പ് ഡിപിഎം ആയി ഇടുക്കിയിൽ ജോലി ചെയ്ത പരിചയമുണ്ട്. ഡിഎംഒ ആയി വന്നിട്ട് രണ്ടരവർഷമാകുമ്പോൾ ഒട്ടേറെ ആക്ഷേപങ്ങൾ ഉയർന്നു. പലവിധമുള്ള അഴിമതികൾ ഡോ.എൽ മനോജിനെതിരെയുണ്ട്. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കുന്നവരിൽ പലരും പരാതികൾ എഴുതി നൽകാൻ തയ്യാറായിരുന്നില്ല.
ഒപ്പം നിൽക്കാൻ
സഹായികളെ
കണ്ടെത്തി അഴിമതി
ഡിഎംഒ മുന്തിയ ഹോട്ടലുകൾ, റിസോർട്ടുകൾ, ലാബുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി കൈക്കൂലിവാങ്ങാൻ കളമൊരുക്കി. അതിനായി ചില സഹായികളെയുംവച്ചു. അവർ മുഖേന വാങ്ങുന്ന പണം ഗൂഗിൾപേവഴി സ്വീകരിക്കുകയായിരുന്നു പതിവ് രീതി.
മൂന്നാർ ചിത്തിരപുരത്തെ റിസോർട്ടിന് ഫിറ്റ്നസ് സർടിഫിക്കറ്റ് നൽകുന്നതിനായി ഇടനിലക്കാരൻ ഡ്രൈവർവഴി 75,000 രൂപ വാങ്ങിയതിനാണ് കഴിഞ്ഞദിവസം പിടിയിലായത്. ഈ ഡ്രൈവറാണ് ഡിഎംഒയുടെ സുഹൃത്തായ ഡോക്ടറിന്റെ വാഹനം ഓടിച്ചുവരികയാണ്. ഏതാനും നാൾ മുമ്പ് കൈക്കൂലികേസിൽ നടപടിയിലിരുന്നയാളാണ് സുഹൃത് ഡോക്ടർ. ഹോട്ടലുകളും ലാബുകളും പരിശോധിക്കാൻ ഹെൽത്ത് സൂപ്പർവൈസർ, ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങി നിരവധി ഉദ്യോഗസ്ഥർ ഉണ്ടായിരിക്കെയാണ് ഡിഎംഒ നേരിട്ടെത്തി പരിശോധിക്കുന്നത്. ചെറിയതും വലിയതുമായ ക്രമക്കേട് കണ്ടെത്തിയാൽ ആദ്യം നടപടിയെന്ന് പറയും. പിന്നീടാണ് വിലപേശി ഏജന്റുവഴി പണംവാങ്ങി ഒത്തുതീർപ്പാക്കൽ. കീഴ്ജീവനക്കാരുടെ സ്ഥലം മാറ്റം സംബന്ധിച്ചും അഴിമതിയും ക്രമക്കേടുമുള്ളതായി പരാതി ഉയർന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..