18 October Friday

ന​ഗരസഭയില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നതില്‍ അഴിമതി: വിജിലിൻസ് അന്വേഷിക്കും

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024
തൊടുപുഴ
നഗരസഭയിൽ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നിട്ടും വിജിലൻസ് അന്വേഷണത്തിന് തുടര്‍നടപടി സ്വീകരിക്കാതിരുന്ന സെക്രട്ടറി‌യുടെ ഓഫീസ് ഡിവൈഎഫ്ഐ ഉപരോധിച്ചു. തെരുവ് വിളക്കുകള്‍ സ്ഥാപിക്കുകയും കേടുപാടുകള്‍ സംഭവിച്ചവമാറ്റാനുമായിരുന്നു കരാര്‍. ഇത് നടപ്പാക്കുന്നതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും മുന്‍ ചെയര്‍മാൻ സനീഷ് ജോര്‍ജ്, അസി. എന്‍ജിനിയര്‍ അജി എന്നിവര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും വ്യക്തമായിരുന്നു. തുടര്‍ന്ന് ഇതില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ 20ന് ചേര്‍ന്ന കൗണ്‍സില്‍ യോ​ഗം ഒറ്റക്കെട്ടായി തീരുമാനിച്ചതാണ്. എന്നാല്‍ അടിയന്തരമായി തുടര്‍നടപടി സ്വീകരിക്കാൻ സെക്രട്ടറി ബിജുമോന്‍ ജേക്കബ് തയ്യാറായില്ല. ഇതിനെതിരെയായിരുന്നു ഡിവൈഎഫ്ഐ തൊടുപുഴ ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധം.
    അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനം അവസാനിപ്പിച്ച് വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കുംവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയുടെ ഓഫീസിൽ കുത്തിയിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ വിജിലൻസ് അന്വേഷണത്തിന് തുടർ നടപടി സ്വീകരിക്കാൻ സെക്രട്ടറി ഉത്തരവിട്ടു. അഴിമതിക്കാരെ ആര് സംരക്ഷിച്ചാലും അനുവദിക്കില്ലെന്നും ന​ഗരസഭയില്‍ ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതികൾക്കെതിരെ തുടർന്നും സമരങ്ങൾ നടത്തുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എസ് ശരത്, വി ആര്‍ പവിരാജ്, അബിൻ മുഹമ്മദ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top