കട്ടപ്പന
ജൈവമാലിന്യ സംസ്‌കരണത്തിനായി ജില്ലയിലെ ആദ്യത്തെ ആധുനിക നിലവാരത്തിലുള്ള വിൻഡോ കമ്പോസ്റ്റിങ് യൂണിറ്റ് ഇരട്ടയാറിൽ പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഉദ്ഘാടനം ചെയ്തു. വ്യാപാരസ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുശേഖരിക്കുന്ന ഭക്ഷണം, പച്ചക്കറി, മാംസം, മീൻ അവശിഷ്ടങ്ങൾ യൂണിറ്റിൽ ശാസ്ത്രീയമായി സംസ്‌കരിച്ച് ജൈവവളമാക്കുന്നു. 2024–- 25 സാമ്പത്തിക വർഷത്തെ മാലിന്യ സംസ്‌കരണ പദ്ധതിപ്രകാരമാണ് യൂണിറ്റ് നിർമിച്ചത്. ശുചിത്വ മിഷൻ അനുവദിച്ച 14 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. ഹരിത കർമസേനയുടെ മേൽനോട്ടത്തിൽ കുടുംബശ്രീയുടെ ചെറുകിട സംരംഭമായി പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ ശാന്തിഗ്രാം മുതൽ നത്തുകല്ല് വരെയുള്ള കടകളിലെയും സ്ഥലപരിമിതിയുള്ള വീടുകളിലെയും ജൈവമാലിന്യം എല്ലാ ദിവസവും രാവിലെ 6.30 മുതൽ എട്ടുവരെ ശേഖരിക്കും. പ്രതിദിനം 500 കിലോ വരെയുള്ള മാലിന്യം സംസ്‌കരിച്ച് ജൈവവളമാക്കാം. നിലവിലുള്ള തുമ്പൂർമുഴി മാതൃക എയ്‌റോബിക് കമ്പോസ്റ്റിങ് യൂണിറ്റിൽ പ്രതിദിനം 200 കിലോവരെ മാലിന്യം സംസ്‌കരിക്കുന്നുണ്ട്.
വൈസ് പ്രസിഡന്റ് രജനി സജി അധ്യക്ഷയായി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ജോസുകുട്ടി കണ്ണമുണ്ടയിൽ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ ജിൻസൺ വർക്കി, ജയമ്മ ബേബി, മിനി സുകുമാരൻ, പഞ്ചായത്തംഗങ്ങളായ ബിൻസി ജോണി, ടി എ ജോസഫ്, ആനന്ദ് സുനിൽകുമാർ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ ആർ ഭാഗ്യരാജ്, ബ്ലോക്ക് കോ ഓർഡിനേറ്റർ എബി വർഗീസ്, റിസോഴ്‌സ് പേഴ്‌സൺ ജെർസിൻ ജോസഫ്, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ അനു, ഷാജി മഠത്തുംമുറി, ഒ ടി ജോൺ, ജോർജ്കുട്ടി പൗലോസ്, പഞ്ചായത്ത് സെക്രട്ടറി ബി ധനേഷ് തുടങ്ങിയവർ സംസാരിച്ചു.
മാലിന്യസംസ്‌കരണം: നേട്ടങ്ങളേറെ
2023ൽ ഹരിതകർമ സേനയുടെ സംരംഭക പ്രവർത്തനത്തിനും അജൈവ മാലിന്യസംസ്‌കരണത്തിനും സംസ്ഥാന സർക്കാർ പുരസ്‌കാരം ഇരട്ടയാറിന് ലഭിച്ചിരുന്നു. ഹരിതകേരളം മിഷന്റെ ജില്ലയിലെ മാതൃക പഞ്ചായത്തായും തെരഞ്ഞെടുത്തു. മാലിന്യമുക്ത നവകേരളം ഒന്നാംഘട്ടം പൂർത്തിയായപ്പോൾ ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തായതും ഇരട്ടയാറാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..